പയ്യോളി: വ്യാപാരിയുടെ മകനെ ആറംഗ സംഘം കടയിൽ കയറി മർദ്ദിച്ചതായി പരാതി. പയ്യോളി ടൗണിൽ പേരാമ്പ്ര റോഡിലെ ഐശ്വര്യ ഹോം നീഡ്സ് ഉടമ പി എം സതീശന്റെ മകൻ പ്ലസ് ടു വിദ്യാർത്ഥി അക്ഷയയെയാണ് മർദ്ദിച്ചത്.ഇതര സംസ്ഥാന തൊഴിലാളികളായ ആറു പേരാണ് സംഘത്തിൽ ഉണ്ടായത് എന്ന് പറയുന്നു.
ഇന്നലെ വൈകിട്ട് ഏഴരയുടെയാണ് സംഭവം. മകനെ കടയിൽ നിര്‍ത്തി മകൾക്കൊപ്പം കീഴൂർ ചന്തയിൽ പോയതായിരുന്നു സതീശൻ. ഇതിനിടയിൽ കടയിൽ എത്തിയ സംഘം ഓരോ വസ്തുക്കൾ മാറിമാറി ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അക്ഷയ് സംഘത്തിന്റെ കൈവശമുള്ള കവർ പരിശോധിച്ചപ്പോൾ കടയിലുള്ള സാധനങ്ങൾ കവർന്നതായി മനസ്സിലാക്കി. ഇതോടെ അക്ഷയയുമായി ഇവർ പിടിവലിയിലായി.
ഇതിനിടെ വ്രതം എടുത്ത് ശബരിമലക്കും പോകാനായി ധരിച്ച മാല പൊട്ടിയതോടെ അത് താഴെ വീഴാതിരിക്കാനായിരുന്നു അക്ഷയയുടെ ശ്രദ്ധ. ഇതിനാൽ ഒരു കൈകൊണ്ട് ചെറുക്കുന്നതിനിടെ മുഖത്തും ചുണ്ടിലും സംഘം ആക്രമിക്കുകയായിരുന്നു. ഇന്നലെ ഒഴിവ് ദിനമായതിനാൽ പരിസരത്തൊന്നും കടകൾ പ്രവർത്തിച്ചിരുന്നില്ല. വിവരമറിഞ്ഞ് പിതാവ് എത്തുമ്പോഴേക്കും സാധനങ്ങൾ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. ചില്ല് ഗ്ലാസ് ഉൾപ്പെടെയുള്ള ഇവർ കവർന്ന വസ്തുക്കൾ പൊട്ടിപ്പോയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.