നടിയെ ആക്രമിച്ച കേസ്; രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി

news image
Dec 17, 2024, 9:27 am GMT+0000 payyolionline.in

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി. ബാലിശമായ വാദമെന്ന് പറ‍ഞ്ഞാണ് ഹൈക്കോടതി പള്‍സര്‍ സുനിയുടെ ആവശ്യം തള്ളിയത്. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും നിരീക്ഷിച്ച് കൊണ്ടാണ് കോടതി ഉത്തരവ്. നടൻ ദിലീപ് കൂടി പ്രതിയായ കേസിൽ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.

അതേസമയം, നടിയെ ആക്രമിച്ച കേസിന്‍റെ അന്തിമ വാദം തുറന്ന കോടതിയിൽ വേണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർ‍ജി കോടതിയുടെ പരിഗണനയിലാണ്. വിചാരണക്കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി മുമ്പാകെയാണ് നടി അപേക്ഷ നൽകിയത്. അന്തിമ വാദത്തിലെ വിശദാംശങ്ങൾ പുറത്തുവരുന്നതിൽ തനിക്ക് എതിർപ്പില്ല എന്നാണ് അതിജീവിത അറിയിച്ചിരിക്കുന്നത്. ബലാത്സംഗക്കേസിൽ അടച്ചിട്ട മുറിയിൽ സരഹസ്യവിചാരണയായിരുന്നു ഇതുവരെ നടന്നുവന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe