ഊട്ടി: കൂനൂർ- ഊട്ടി ദേശീയപാതയിലെ കേത്തിയിലുള്ള അന്താരാഷ്ട്ര പ്രശസ്തമായ ലഡ്ല ജോർജസ് ഹോം സ്കൂളിനും മെഡിക്കൽ കോളജ് ആശുപത്രിക്കും ബോംബ് ഭീഷണി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 530 ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. സ്കൂൾ പ്രഥമാധ്യാപകൻ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. പരിസരം മുഴുവൻ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ചൊവ്വാഴ്ചയാണ് ഊട്ടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയർന്നത്. മെഡിക്കൽ കോളജിൽ 600 ലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
ഊട്ടിയിൽ കഴിഞ്ഞ രണ്ടു മാസമായി സ്കൂളുകൾക്കും കോളജുകൾക്കും നേരെ ഇടക്കിടെ ബോംബ് ഭീഷണി ഉണ്ടാവാറുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നാണ് ഈ ഇമെയിലുകൾ അയക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. ബോംബ് ഭീഷണി പ്രദേശത്ത് ഭീതി സൃഷ്ടിച്ചതായും പൊലീസ് പറഞ്ഞു.