തിരുവനന്തപുരം: 40 വയസില്‍ താഴെ പ്രായമുള്ളവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസും കണ്ണു പരിശോധന സർട്ടിഫിക്കറ്റും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും മാത്രം മതിയാകും. ഡ്രൈവിംഗ് ലൈസൻസിന്‍റെ കാലാവധി കഴിയുന്നതിനേക്കാൾ ഒരു വർഷം മുമ്പ് മുതൽ ലൈസൻസ് പുതുക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതുപോലെ ലൈസൻസിന്‍റെ കാലാവധി കഴിഞ്ഞ് ഒരു വർഷം വരെയും പിഴയില്ലാതെ ലൈസൻസ് പുതുക്കാവുന്നതാണ്.
കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് ലൈസൻസ് പുതുക്കുന്നതിന് അപേക്ഷിക്കുന്നതെങ്കിൽ വാഹനം ഓടിച്ച് കാണിക്കേണ്ടതാണ്. www.parivahan.gov.in എന്ന സൈറ്റിൽ പ്രവേശിച്ച ശേഷം ഓൺലൈൻ സർവീസ്- ഡ്രൈവിംഗ് ലൈസൻസ് റിലേറ്റഡ് സർവീസ്- സ്റ്റേറ്റ് -എന്നിവ സെലക്ട് ചെയ്താൽ ലൈസൻസുമായി ബന്ധപ്പെട്ട ഒരുപാട് സർവീസുകളുടെ ഐക്കണുകൾ കാണാൻ സാധിക്കും.
അതിൽ ഡ്രൈവ് ലൈസൻസ് റിന്യൂവൽ എന്ന ഓപ്ഷനിൽ ഡ്രൈവ് ലൈസൻസ് നമ്പറും / ഡേറ്റ് ഓഫ് ബർത്തും എൻട്രി വരുത്തിയാൽ ലൈസൻസ് പുതുക്കുന്നതിന് നമുക്ക് അപേക്ഷ തയ്യാറാക്കാൻ സാധിക്കും. 400 രൂപയാണ് ഫീസിനത്തിൽ സർക്കാരിലേക്ക് അടയ്ക്കേണ്ട തുക. ലൈസൻസ് പുതുക്കാനുള്ള അപേക്ഷ തയ്യാറാക്കി കഴിഞ്ഞാൽ നമുക്കൊരു അപ്ലിക്കേഷൻ നമ്പർ ജനറേറ്റ് ആവുകയും അപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് ഡോക്യുമെന്റ്സ് അപ്‌ലോഡ് ൽ പോയി ഡോക്യുമെന്റ്സ് അപ്‌ലോഡ് ചെയ്യാനും ഫീസ് പേമെന്‍റിൽ പോയി അത് അടയ്ക്കാനും സാധിക്കുന്നതാണ്.
ബുക്ക് രൂപത്തിലുള്ള ലൈസൻസ്/ പേപ്പർ രൂപത്തിലുള്ള ലൈസൻസ് ആണെങ്കിൽ ആദ്യം ഓഫീസിൽ കൊണ്ടുവന്ന് പ്രസ്തുത ലൈസൻസ് സാരഥി എന്ന സൈറ്റിൽ അപ്ഡേറ്റ് ചെയ്തതിനുശേഷം നമുക്ക് ലൈസൻസ് സംബന്ധമായ സർവീസിന് ഓൺലൈനായി അപേക്ഷിക്കാനായി സാധിക്കുകയുള്ളൂ. ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കിയാൽ ആയത് ഓഫീസിൽ കൊണ്ട് പോയി കൊടുക്കേണ്ട ആവശ്യമില്ല. ഓൺലൈൻ വഴി ആയത് ഇഷ്യൂ ചെയ്തു കഴിഞ്ഞാൽ വീട്ടിലിരുന്നു കൊണ്ട് തന്നെ അതിന്‍റെ പ്രിന്‍റ് എടുക്കാനും ഡിജിറ്റൽ ആയിട്ട് സൂക്ഷിക്കാനും സാധിക്കുന്നതാണ്.