തിരുവനന്തപുരം: സി.പി.എം നേതാവ് ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട പുസ്തക വിവാദത്തിൽ വ്യക്തതയില്ലാതെ കോട്ടയം എസ്.പിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. പുസ്തകത്തിന്റെ പി.ഡി.എഫ് പുറത്തുപോയത് എങ്ങനെയെന്ന് സ്ഥിരീകരിക്കാതെയാണ് റിപ്പോർട്ട്. റിപ്പോർട്ടിൽ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ചും പരാമർശമില്ല. വിഷയത്തിൽ തുടരന്വേഷണത്തിന് പൊലീസിനുമേൽ സമ്മർദമേറുകയാണ്.
പുസ്തകത്തിന്റെ പൂർണരൂപം പുറത്തുപോയതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇ.പി. ജയരാജന്റെ ആരോപണം. എന്നാൽ, കോട്ടയം എസ്.പി പ്രാഥമികാന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ ഗൂഢാലോചനയെക്കുറിച്ച് പരാമർശമില്ല. പാലക്കാട്ടെ, എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി. സരിനെക്കുറിച്ച് വന്ന വിവാദ പരാമർശം ഇ.പി. ജയരാജൻ പറഞ്ഞിട്ട് എഴുതിയതാണോ എന്നതിലും വ്യക്തതയില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ ഇ.പി നൽകിയ മൊഴിയിൽ അവ്യക്തതയുണ്ട്. പുസ്തകത്തിന്റെ പൂർണരൂപമുള്ള പി.ഡി.എഫ് അടങ്ങിയ പെൻഡ്രൈവ് മാധ്യമങ്ങൾക്ക് നൽകിയതാരാണെന്നും കണ്ടെത്താനായില്ല.
ഇ.പി. ജയരാജൻ, ഡി.സി ബുക്സ്, ആത്മകഥ എഴുതാൻ നിയോഗിച്ച മാധ്യമപ്രവർത്തകൻ എന്നിവർക്ക് മാത്രമാണ് പുസ്തകത്തിന്റെ പൂർണരൂപം വായിക്കാൻ അവസരമുണ്ടായിരുന്നത്. ഇതിൽ ഇ.പിയിൽ നിന്നല്ല പൂർണരൂപം പുറത്തുപോയതെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ ഉറപ്പിക്കുന്നുണ്ട്. ഡി.സി ബുക്സ് നൽകിയ കരാറിന്റെ കരട് രൂപം ഇ.പി തിരികെ ഡി.സി ബുക്സിന് നൽകിയിട്ടില്ല.
അതിനാൽ ഡി.സി ബുക്സുമായി ഇ.പി കരാറിൽ ഏർപ്പെട്ടിരുന്നില്ലെന്ന മൊഴികൾ പൊലീസ് വിശ്വാസത്തിലെടുക്കുന്നു. പി.ഡി.എഫ് പുറത്തുവിട്ടത് ആരെന്നതിലും ഗൂഢാലോചനയുണ്ടോയെന്നതിലും വ്യക്തത ലഭിക്കാൻ തുടരന്വേഷണം വേണോ എന്നതിൽ സർക്കാറിന്റെ കൂടി അഭിപ്രായം കണക്കിലെടുത്താകും സംസ്ഥാന പൊലീസ് മേധാവി തീരുമാനമെടുക്കുക. തുടരന്വേഷണം വേണമെന്ന് എൽ.ഡി.എഫ് കൺവീനർ അടക്കം ആവശ്യപ്പെട്ട സാഹചര്യത്തിൽ പൊലീസിനുമേൽ കടുത്ത സമ്മർദവുമുണ്ട്.