ന്യൂഡൽഹി : ക്യുആർ കോഡോട് കൂടിയ പുതിയ പാൻ കാർഡ് പുറത്തിറക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. നികുതിദായകരുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ഫീച്ചേർസ് പുതുക്കുന്നത്. 1,435 കോടി രൂപയുടേതാണ് പാൻ 2.0 പദ്ധതി. നികുതിദായകർക്ക് സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും അനായാസവുമാക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
നിലവിലുള്ള പാൻ കാർഡ് ഉടമകൾ പുതിയ പാൻ കാർഡിന് അപേക്ഷിക്കേണ്ടതില്ല. നിലവിലുള്ള കാർഡ് സാധുവായി തുടരും. വ്യക്തികളോ കോർപ്പറേഷനുകളോ നിലവിലെ പാൻ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കാർഡ് ഉടമകൾക്ക് അവരുടെ പാൻ കാർഡുകൾ അപ്ഗ്രേഡ് ചെയ്ത് വിലാസം, ജനനത്തീയതി, പേര് തുടങ്ങിയ വ്യക്തിഗത വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താനാകും.
ഇപ്പോൾ പാൻ-അനുബന്ധ സേവനങ്ങൾ മൂന്ന് പ്ലാറ്റ്ഫോമുകളിലായാണ് ലഭ്യമാവുക. പാൻ 2.0 പദ്ധതിയിലൂടെ ഈ സേവനങ്ങൾ ഏകീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അപ്ഡേറ്റുകൾ, തിരുത്തലുകൾ, ആധാർ ലിങ്കിംഗ്, റീ-ഇഷ്യൂവൻസ്, വാലിഡേഷൻ തുടങ്ങിയ പാൻ/ടാൻ സേവനങ്ങൾ ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാകും. വ്യക്തികൾക്കും ബിസിനസുകാർക്കും സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കും.