അടിമാലി: മൂന്നാർ മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണം വർധിക്കുന്നു. കടുവയുടെയുടെ പുലിയുടെയും ആക്രമണത്തിൽ രണ്ടുകറവ പശുക്കൾ ചത്തു. വാഗുവരെ നോവൽ ഡിവിഷനിൽ നിശ്ചൽ പാറക്ക് സമീപമാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണം ഉണ്ടായത്. പശുവിന്റെ പിൻഭാഗം പൂർണമായും ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
സൈലൻറ് വാലി റോഡിൽ കുറ്റിയാർ വാലിയിൽ പുലിയുടെ ആക്രണത്തിൽ പശു ചത്തത്. ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ഓടുന്നതിനിടെ വലിയ തിട്ടയിൽ നിന്നും ടാറിംഗ് റോഡിലേക്ക് വീണ പശു തൽക്ഷണം ചത്തു. തോട്ടം തൊഴിലാളികൾ വളർത്തിയിരുന്ന പശുക്കൾക്ക് നേരെ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമാണ് ആക്രമണം ഉണ്ടായത്.
ഈ വർഷം 25ലേറെ കറവ പശുക്കളാണ് മൂന്നാർ മേഖലയിൽ കടുവയുടെയും പുലികളുടെയും ആക്രമണത്തിൽ ചത്തത്. കൂടാതെ മാട്ടുപ്പെട്ടി മേഖലയിൽ പത്തോളം പശുക്കൾ പേ വിഷബാധ ഏറ്റും ചത്തിരുന്നു. മേഖലയിൽ ക്ഷീര കർഷകർ കടുത്ത ആശങ്കയാലാണ്. പലരും പശുക്കളെ കിട്ടുന്ന വിലക്ക് വിൽക്കാൻ തയാറായി നിൽക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 200 ന് മുകളിൽ പശുക്കൾ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ കർഷകർക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. പശുക്കളെ ഇൻഷ്വർ ചെയ്തിട്ടില്ലെന്ന് കാണിച്ചാണ് നഷ്ടപരിഹാരം നിഷേധിക്കുന്നത്. കടുവയും പുലിയും നാട്ടിലിറങ്ങിയതോടെ പുറത്തിറങ്ങി നടക്കാൻ ഭയമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.