തൃശൂർ: വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച അഞ്ച് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുകയും പൊതുജനാരോഗ്യ നിയമം 2023 പ്രകാരം 134 സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ പരിഹരിക്കാനായി നോട്ടീസ് നല്‍കുകയും ചെയ്ത് ആരോഗ്യ വകുപ്പ്.
ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്പ്പറേഷന് എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ 1220 സ്ഥാപനങ്ങളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ വ്യാപകമായ പൊതുജനാരോഗ്യ പ്രശ്നങ്ങളാണ് കണ്ടെത്തിയത്.
തുടർന്നാണ് നോട്ടീസ് നല്‍കിയത്. പുകയില നിയന്ത്രണ നിയമം 2003 പ്രകാരം പൊതുസ്ഥലങ്ങളില്‍ പുകവലിച്ച ആളുകളില്‍ നിന്നും, നിയമപ്രകാരമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത സ്ഥാപനങ്ങളില്‍ നിന്നുമായി 13,800 രൂപ പിഴയായി ഈടാക്കി.
പഞ്ചായത്തീരാജ് ആക്ട് ഹരിത നിയമപ്രകാരം നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങളില്‍നിന്ന് 87,750 രൂപ പിഴ ചുമത്തുകയും ചെയ്തു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന 51 സ്ഥലങ്ങളില്‍ പരിശോധന നടത്തി 13 സ്ഥലങ്ങളില്‍ ന്യൂനതകള്‍ പരിഹരിക്കുന്നതിനായി നോട്ടീസ് നല്കി.
സംസ്ഥാനത്ത് പല ജില്ലകളിലും മഞ്ഞപ്പിത്തം പടരുന്നതിനാല്‍ തുടര്‍ന്നും പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു.