സി.പി.എം പത്രപരസ്യം നല്‍കിയതിന് ഉത്തരവാദി മന്ത്രി എം.ബി രാജേഷ്- വി.ഡി. സതീശൻ

news image
Nov 20, 2024, 11:30 am GMT+0000 payyolionline.in

കാസര്‍കോട്: മതപരമായ ഭിന്നിപ്പുണ്ടാക്കണമെന്ന ദുരുദ്യേശ്യത്തോടെ സി.പി.എം പത്രപരസ്യം നല്‍കിയതിന് ഉത്തരവാദി മന്ത്രി എം.ബി രാജേഷ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തിനു ശേഷം സി.പി.എം പത്രങ്ങളില്‍ നല്‍കിയ വിദ്വേഷ പരസ്യം കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. അത് ഉണങ്ങാന്‍ താമസമെടുക്കും.

സംഘ്പരിവാറിന്റെ വഴികളിലൂടെ യാത്ര ചെയ്ത് മതപരമായ ഭിന്നിപ്പുണ്ടാക്കണമെന്ന ദുരുദ്ദ്യേശ്യത്തോടെയാണ് പരസ്യം നല്‍കിയത്. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പരസ്യമാണെന്നും ഇടതു മുന്നണിയല്ല ഇത് നല്‍കിയതെന്നും സി.പി.ഐ പറഞ്ഞിട്ടുണ്ട്. സി.പി.ഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പോലും പരസ്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. പരസ്യം നല്‍കിയതിന്റെ ഉത്തരവാദി മന്ത്രി എം.ബി രാജേഷാണ്.

എന്നിട്ടും മന്ത്രി ന്യായീകരിക്കുകയാണ്. ചെലവ് കുറവുള്ളതു കൊണ്ടാണ് ഈ രണ്ടു പത്രങ്ങളില്‍ പരസ്യം നല്‍കിയതെന്നാണ് പറഞ്ഞത്. ഈ പരസ്യം നല്‍കുന്നതിന്റെ തലേ ദിവസം പ്രമുഖ ദിനപത്രത്തില്‍ നാല് പേജുള്ള പരസ്യം നല്‍കിയിരുന്നു. എന്നാല്‍ അതില്‍ വര്‍ഗീയ വിദ്വേഷം പരത്തിയിരുന്നില്ല. അപ്പോള്‍ പണമില്ലാത്തതു കൊണ്ടാണ് രണ്ടു പത്രങ്ങളില്‍ പരസ്യം നല്‍കിയതെന്നു പറഞ്ഞത് പച്ചക്കള്ളമാണ്.

സ്വന്തം പത്രമായ ദേശാഭിമാനിയില്‍ പോലും കൊടുക്കാന്‍ പറ്റാത്ത പരസ്യം മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലുള്ള പത്രത്തില്‍ കൊടുത്താണ് വിദ്വേഷം ജനിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് വലിയ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം സി.പി.എം നേതാക്കള്‍ക്ക് സമനില നഷ്ടപ്പെട്ടിരിക്കുകയാണ്. എന്തു പറയണമെന്നു പോലും അറിയില്ല. ഇവരെ റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്ന ബി.ജെ.പിയാണ്. ഇന്നലെ സന്ദീപ് വാര്യര്‍ പറഞ്ഞതു പോലെ ബി.ജെ.പിയുടെ ഓഫീസില്‍ നിന്നാണ് സി.പി.എമ്മിനു വേണ്ടി പരസ്യം നല്‍കിയത്. ഹീനമായ വര്‍ഗീയത പ്രചരിപ്പിക്കാന്‍ നോക്കിയവര്‍ക്ക് പാലക്കാട്ടെ വോട്ടര്‍മാര്‍ ശക്തമായ തിരിച്ചടി നല്‍കും. മതേതര കേരളമാണെന്ന പ്രഖ്യാപനം കൂടിയായിരിക്കും പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലം.

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് സി.പി.എം പരസ്യം നല്‍കിയത്. മന്ത്രി കണ്ട ശേഷമാണ് ഈ പരസ്യം നല്‍കിയത്. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിയാ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പരസ്യം നല്‍കിയത്. ഇത്തരം സംഭവം കേരളത്തില്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ല എന്നതു കൊണ്ട് യു.ഡി.എഫ് നിയമപരമായി നേരിടുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe