പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് നഴ്സിങ് കോളജില്‍ നാലാം വര്‍ഷ ബി.എസ്.സി നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം സ്വദേശി അമ്മു എ. സജീവിന്റെ മരണത്തില്‍ വിശദീകരണവുമായി കോളജ് അധികൃതര്‍. സഹപാഠികള്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന അമ്മുവിന്റെ പിതാവിന്റെ പരാതി ലഭിച്ചിരുന്നുവെന്നും അതിന്മേല് അന്വേഷണം നടത്തി ആരോപണവിധേയരായ മൂന്നു കുട്ടികള്‍ക്ക് മെമ്മോ നല്‍കിയിരുന്നുവെന്നും പ്രിന്‍സിപ്പൽ പറഞ്ഞു. ഈ നാലു കുട്ടികളും സുഹൃത്തുക്കളായിരുന്നു. കോളജിന്റെ ഭാഗത്തു നിന്നുളളനടപടികള് എല്ലാം പൂര്‍ത്തിയാക്കിയിരുന്നുവെന്നും അറിയിച്ചു.
ഒക്ടോബര്‍ 27 ഞായറാഴ്ചയാണ് അമ്മുവിന്റെ പിതാവ് സജീവിന്റെ പരാതി ലഭിക്കുന്നത്. 28 ന് രാവിലെ 9.30 ന് തന്നെ നാലുപേരെയും വിളിച്ചുവരുത്തി. ഒരു പ്രശ്നവുമില്ലെന്ന് എഴുതി നല്‍കിയാണ് അവര്‍ മടങ്ങിയത്. ഇതില്‍ ഒരു കുട്ടിയുടെ ലോഗ് ബുക്ക് കാണാനില്ലെന്ന് കഴിഞ്ഞ ഏഴിന് പരാതി വന്നിരുന്നു. അതിന് ശേഷമാണ് ടൂര്‍ സംബന്ധിച്ച തര്‍ക്കം ഉണ്ടായത്. അമ്മുവിന് ആത്മഹത്യ ചെയ്യാന്‍ തക്കതായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ക്ലാസ് ടീച്ചറും പറഞ്ഞു. കുട്ടികള്‍ നാലും ഉറ്റ ചങ്ങാതിമാരായിരുന്നു. പ്രശ്നങ്ങള്‍ ക്ലാസില്‍ തന്നെ പറഞ്ഞു തീര്‍ത്തിരുന്നുവെന്നും പറയുന്നു.
കഴിഞ്ഞ് 15 ന് രാത്രി ഏഴിനാണ് വെട്ടിപ്പുറത്തെ എന്‍.എസ്.എസ് ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്ന് അമ്മു ചാടിയത്. ഗുരുതരമായി പരുക്കേറ്റ അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. അമ്മുവിന്റേതായി ആത്മഹത്യാക്കുറിപ്പുകള്‍ ഒന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഡയറിയുടെ താളില്‍ ഐ ക്വിറ്റ് എന്ന് എഴുതിയിരുന്നു.