തിരുവനന്തപുരം: രണ്ട് എൽഇഡി ബൾബ് എടുത്താൽ ഒന്ന് ഫ്രീ. കെഎസ്ഇബിയുടെ ഓഫറിലൂടെ വേഗം ബൾബുകൾ സ്വന്തമാക്കാം. ബിപിഎൽ കുടുംബങ്ങൾക്കും അങ്കണവാടികൾക്കും സർക്കാർ ആശുപത്രികൾക്കും ബൾബുകൾ സൗജന്യമായി ലഭിക്കും. പുതുതായി ഗാർഹിക കണക്ഷനെടുക്കുന്നവർക്കും രണ്ട് ബൾബ് സൗജന്യമാണ്.
“ഫിലമെന്റ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായാണ് ബൾബുകൾ വിതരണം ചെയ്യുന്നത്. ഈ വർഷം ഇതുവരെ 6,89,906 ഉപയോക്താക്കൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വാങ്ങിയ 1.17 കോടി ബൾബുകളിൽ 1.15 കോടി 14.77 ലക്ഷം ഉപയോക്താക്കൾക്കായി വിതരണം ചെയ്തു. 74 കോടിയിലധികം രൂപ ഈയിനത്തിൽ കെഎസ്ഇബിക്ക് വരുമാനമായി ലഭിച്ചു.
സംസ്ഥാനത്തെ വിവിധ ഓഫീസുകളിലായി അവശേഷിക്കുന്ന രണ്ട് ശതമാനം ബൾബുകളാണ് ഓഫറോടെ നൽകുന്നത്. മൂന്നുവർഷം ഗ്യാരന്റിയുള്ള എൽഇഡി ബൾബുകൾ 65 രൂപയ്ക്കാണ് നൽകുന്നത്. കെഎസ്ഇബിയുടെ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ബൾബിന്റെ വില വൈദ്യുതി ബില്ലിന്റെ കൂടെ ഒന്നിച്ചോ തവണകളായോ അടയ്ക്കാനാകും. ബൾബ് വിതരണത്തിലൂടെ 26ലക്ഷം കൂടി ഉപയോക്താക്കളിൽനിന്ന് കെഎസ്ഇബിക്ക് കിട്ടാനുണ്ട്. ഈ തുക പിരിച്ചെടുക്കാനും എൽഇഡി സ്റ്റോക്ക് അധികമുള്ള ഓഫീസുകളിൽനിന്ന് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് നൽകാനും വിതരണ ചുമതലയുള്ള ചീഫ് എൻജിനിയർമാർക്ക് ഡയറക്ടർ ബോർഡ് നിർദേശം നൽകി.
ഊർജ കേരള മിഷന്റെ നേതൃത്വത്തിലാണ് ഫിലമെന്റ് രഹിത കേരളം പദ്ധതി കെഎസ്ഇബി നടപ്പാക്കുന്നത്. ഫിലമെന്റ്, സിഎഫ്എൽ ബൾബുകൾ പൂർണമായി ഒഴിവാക്കി എൽഇഡി ബൾബുകൾ സ്ഥാപിച്ച്, പരിസ്ഥിതി സൗഹൃദമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ. നടത്തിപ്പിനായി എനർജി മാനേജ്മെന്റ് സെന്റർ കേരളയും കെഎസ്ഇബിക്കൊപ്പം കൈകോർത്തു.