പത്തു മിനിറ്റിൽ പമ്പയിൽനിന്ന് സന്നിധാനത്തെത്താം; 2.7 കിലോമീറ്റർ ദൂരത്തിൽ റോപ് വേ വരുന്നു

news image
Nov 16, 2024, 3:54 pm GMT+0000 payyolionline.in

 

തിരുവനന്തപുരം: ഏറെക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശബരിമലയിൽ റോപ് വേ പദ്ധതി നടപ്പിലാകുന്നു. വനംവകുപ്പിന്‍റെ തർക്കങ്ങൾ ഉള്‍പ്പെടെ പരിഹരിച്ചും ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയുമാണ് സര്‍ക്കാര്‍ റോപ് വേ പദ്ധതി യാഥാർഥ്യമാക്കുന്നത്.

ശബരിമലയിൽ ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി നൽകുന്നതിനുള്ള നിര്‍ണായക ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. റോപ് വേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം പരിഹാര വനവൽക്കരണത്തിനായി കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽ 4.5336 ഹെക്ടർ ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വനം വകുപ്പിന്റെ പേരിൽ നൽകുന്നതിനായിട്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. കൊല്ലം ജില്ലാ കലക്ടർ ഇക്കാര്യത്തിൽ ആവശ്യമായ തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കേണ്ടതാണന്നും ഉത്തരവിൽ പറയുന്നു.ഹിൽടോപ്പിൽനിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക്‌ ബിഒടി വ്യവസ്ഥയിൽ നിർമിക്കുന്ന റോപ്‌വേക്ക് ഈ തീർഥാടനകാലത്തുതന്നെ തറക്കല്ലിടുമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ പ്രഖ്യാപിച്ചിരുന്നു. 2.7 കിലോമീറ്ററാണ് റോപ് വേയുടെ നീളം. നിർമാണം പൂർത്തിയാവുന്നതൊടെ 10 മിനിറ്റിൽ പമ്പയിൽനിന്ന് സന്നിധാനത്തെത്താൻ കഴിയും. സാധന സാമഗ്രികൾ എളുപ്പത്തിലും ചെലവ് കുറച്ചും സന്നിധാനത്തെത്തിക്കാനും അടിയന്തര സാഹചര്യത്തിൽ രോഗികളെ കൊണ്ടുവരുന്നതിന് ആംബുലൻസായി ഉപയോഗിക്കുന്നതും ആലോചനയിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe