റാഞ്ചി: തെരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിൽ വീണ്ടും എൻഫോഴ്സ്ഇമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സംസ്ഥാനത്തും പരിസര പ്രദേശങ്ങളിൽ നിന്നുമായി രണ്ടു ബംഗ്ലാദേശികൾ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു.
ബംഗ്ലാദേശുകാരായ റോണി മൊണ്ടൽ, സമീർ ചൗധരി ഇന്ത്യക്കാരായ പിന്റു ഹൽദാർ, പിങ്കി ബസു മുഖർജി എന്നിവരാണ് പിടിയിലായത്. ഇതിൽ മൂന്നുപേരെ ചൊവ്വാഴ്ച രാത്രി പശ്ചിമ ബംഗാളിൽനിന്നാണ് അറസ്റ്റുചെയ്തത്. അനധികൃത മനുഷ്യക്കടത്തിന് സഹായം ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റുചെയ്തതതെന്ന് അധികൃതർ പറഞ്ഞു.
കൂടാതെ സംസ്ഥാനത്ത് 17 സ്ഥലങ്ങളിൽ ഇ.ഡി പരിശോധന നടത്തി. വ്യാജ ആധാർ കാർഡുകൾ, വ്യാജ പാസ്പോർട്ടുകൾ, ആയുധങ്ങൾ, സ്വത്തുരേഖകൾ, പണം, ആഭരണങ്ങൾ, പ്രിന്റിങ് പേപ്പറുകൾ, പ്രിന്ററുകൾ തുടങ്ങിയവ പിടികൂടിയതായി ഇ.ഡി അറിയിച്ചു.
ഝാർഖണ്ഡ് നിയമസഭയിലേക്ക് ഇന്നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ഇതിനിടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും അയൽസംസ്ഥാനമായ പശ്ചിമ ബംഗാളിലും ബംഗ്ലാദേശികളെ തേടി ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് നടത്തിയത്. വ്യാജ ആധാർ കാർഡുകളും പാസ്പോർട്ടുകളും പ്രിന്റിങ് മെഷീനുകളും പേപ്പറുകളും റെയ്ഡിൽ പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു.