“റേഷനി’ൽ പരാതിയോ, 15 മുതൽ ‘തെളിമ’ നൽകും പരിഹാരം

news image
Nov 8, 2024, 4:51 am GMT+0000 payyolionline.in
കോഴിക്കോട്‌: സിവിൽ സപ്ലൈസ്‌ വകുപ്പ്‌ റേഷൻകട മുഖേന നൽകുന്ന സേവനങ്ങൾ സംബന്ധിച്ച പരാതികൾ പരിഹരിക്കാനും റേഷൻ കാർഡ്‌ തിരുത്തൽ അപേക്ഷകൾ സ്വീകരിക്കാനും റേഷൻ കടയിൽ താൽക്കാലിക സംവിധാനം വരുന്നു. റേഷൻ കടയിൽ പ്രത്യേക ബോക്‌സ്‌  സ്ഥാപിച്ച്‌ പൊതുജനങ്ങളിൽ നിന്ന്‌ പരാതി സ്വീകരിക്കുന്ന ഒരു മാസം നീണ്ട  ‘തെളിമ’യ്‌ക്ക്‌ 15ന്‌ തുടക്കമാവും.  തുടർന്ന്‌ ഡിസംബർ 16 മുതൽ 31 വരെ താലൂക്കുതല സ്‌പെഷ്യൽ ഡ്രൈവ്‌ നടത്തി അപേക്ഷകളിൽ തീർപ്പ്‌ കൽപ്പിക്കും.
റേഷൻ കട നടത്തിപ്പ്‌ സംബന്ധിച്ച അഭിപ്രായം, റേഷൻ ലൈസൻസി, വിൽപ്പനക്കാരൻ എന്നിവരുടെ  പെരുമാറ്റം, ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരം, അളവ്‌,  അനധികൃതമായി റേഷൻ കാർഡുകൾ കൈവശം വയ്‌ക്കൽ, അപേക്ഷകളിൽ തിരുത്തലുകൾ തുടങ്ങിയ കാര്യങ്ങളിൽ പരാതിയും അഭിപ്രായങ്ങളും സമർപ്പിക്കാം. അതത്‌ റേഷനിങ്‌ ഇൻസ്‌പെക്ടർ ആഴ്‌ച അവസാനം പരാതികൾ അന്വേഷിച്ച്‌ റിപ്പോർട്ട്‌ താലൂക്ക്‌ സപ്ലൈ ഓഫീസിൽ കൈമാറും. ഇവിടെ നിന്നാണ്‌ തുടർനടപടി കൈക്കൊള്ളുക.
റേഷൻ കാർഡ്‌ ഉടമകളുടെ പേര്‌, വിലാസം, തൊഴിൽ, ബന്ധം തുടങ്ങിയവയിലുള്ള തിരുത്തലുകൾക്കും അവസരമുണ്ട്‌. എന്നാൽ വീട്‌ വിസ്‌തീർണത്തിലെ മാറ്റം, വാഹനവിവരം, വരുമാനം എന്നിവയിൽ മാറ്റങ്ങൾക്കുള്ള അപേക്ഷ ‘തെളിമ’യിൽ സ്വീകരിക്കില്ല. ഇതിനുള്ള അപേക്ഷ ഓൺലൈനായാണ്‌ സ്വീകരിക്കുക.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe