സിനിമയിലെ അഭിനയം വേണ്ട; സുരേഷ് ഗോപിക്ക് അഭിനയിക്കാൻ കേന്ദ്രത്തിന്‍റെ അനുമതിയില്ല, താടി ഒഴിവാക്കി

news image
Nov 7, 2024, 7:48 am GMT+0000 payyolionline.in

കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് സിനിമാ അഭിനയം തുടരാൻ കേന്ദ്ര സർക്കാറിന്‍റെ അനുമതിയില്ലെന്ന് റിപ്പോർട്ടുകൾ. പ്രതിഫലം ലഭിക്കുന്ന മറ്റു ജോലികളിൽ ഏർപ്പെടുന്നതിന് മന്ത്രിമാർക്ക് വിലക്കുണ്ട്. സിനിമകളിൽ അഭിനയിക്കാൻ കരാറിൽ ഏർപ്പെട്ടിരുന്ന നടൻ ഇതുസംബന്ധിച്ച് അനുമതി തേടിയിരുന്നതായാണ് വിവരം.

ചിത്രീകരണം ആരംഭിച്ച ‘ഒറ്റക്കൊമ്പൻ’ സിനിമ പൂർത്തിയാക്കുന്നതിനായി സുരേഷ് ഗോപി താടിവളർത്തിയിരുന്നു. സിനിമയിലെ കഥാപാത്രത്തിന്‍റെ ഹൈലൈറ്റാണെന്ന് താടിയെന്ന് നടൻ പറഞ്ഞിരുന്നു. എന്നാൽ, താടി ഒഴിവാക്കിയ ഫോട്ടോ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് നടന് അഭിനയിക്കാൻ കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചിട്ടില്ലെന്ന റിപ്പോർട്ടുകൾ വന്നത്.

അഭിനയത്തിൽ കേന്ദ്രീകരിക്കാതെ മന്ത്രിപദവിയിൽ ശ്രദ്ധിക്കാനാണ് കേന്ദ്ര സർക്കാർ നേതൃത്വം സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്ന നിർദേശമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനയത്തിന് എതിർപ്പ് പ്രകടിപ്പിച്ചതായും പറയപ്പെടുന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിക്കും സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിൽ കടുത്ത അതൃപ്തിയുണ്ട്.

 

‘ഒറ്റക്കൊമ്പൻ’ സിനിമയുടെ പ്രധാനപ്പെട്ട രംഗങ്ങള്‍ പാലായിലെ കുരിശുപള്ളി മാതാവിന്റെ പെരുന്നാളിലാണ് ചിത്രീകരിക്കേണ്ടത്. ഡിസംബര്‍ ഏഴ്, എട്ട് തീയതികളിലാണ് പെരുന്നാള്‍. സിനിമയുടെ ആദ്യഭാഗം കഴിഞ്ഞവര്‍ഷത്തെ പെരുന്നാള്‍ ദിനങ്ങളില്‍ ചിത്രീകരിച്ചിരുന്നു. ‘ഒറ്റക്കൊമ്പന്‍’ സിനിമ ഉടന്‍ യാഥാര്‍ഥ്യമാകില്ലെന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപി താടി ഒഴിവാക്കിയതെന്നാണ് സൂചന. അതേസമയം, ഇതുസംബന്ധിച്ച് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe