ശ്രീനഗർ: സംസ്ഥാനത്തിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കണമെന്ന് ജമ്മുകശ്മീർ നിയമസഭ പ്രമേയം പാസാക്കി. ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിനെതിരെ ബിജെപി അംഗങ്ങൾ രംഗത്തെത്തി. ഇതോടെ ശബ്ദവോട്ടെടുപ്പിൽ സ്പീക്കർ പ്രമേയം പാസാക്കുകയായിരുന്നു.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നഷ്ടമായതിനുശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഒമർ അബ്ദുള്ള നയിക്കുന്ന നാഷണൽ കോൺഫറൻസ് സർക്കാരാണ് കേന്ദ്രതീരുമാനത്തിനെതിരെ പ്രമേയം പാസാക്കിയത്. കഴിഞ്ഞ ആറ് വർഷത്തോളമായി കാശ്മീർ കേന്ദ്ര ഭരണത്തിന് കീഴിലായിരുന്നു. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 2014-ൽ ആയിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 90 സീറ്റുകളിലേക്കായി മൂന്ന് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം 48 സീറ്റിൽ വിജയിച്ചാണ് ഭൂരിപക്ഷം നേടിയത്.