വനിത നേതാക്കളുടെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറിയത് പിണറായിയുടെ അനുവാദത്തോടെ -കെ.സി വേണുഗോപാൽ

news image
Nov 6, 2024, 9:46 am GMT+0000 payyolionline.in

മലപ്പുറം: ബി.ജെ.പി നേതൃത്വത്തിന്‍റെ തിരക്കഥയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംവിധാനം ചെയ്‌ത ഭീകര നാടകമായിരുന്നു പാലക്കാട്ട് പൊലീസിന്‍റെ പാതിരാ റെയ്ഡ് എന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസ് പാർട്ടിയുടെ മാത്രമല്ല, കേരളത്തിലെ തന്നെ സമുന്നതരായ രണ്ട് വനിത നേതാക്കളുടെ കിടപ്പുമുറിയിലേക്ക് അർധരാത്രിയിൽ പൊലീസിനെ അയച്ച് അവരെ അപമാനിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോട് കൂടി നടത്തിയ ഈ സംഭവം അങ്ങേയറ്റം ഗൗരവതരമാണ്. എല്ലാ നിയമങ്ങളുടെയും ലംഘനമാണ്. എന്ത് അടിസ്ഥാനത്തിലാണ് ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും അടക്കമുള്ളവരുടെ മുറിയിലേക്ക് വനിത പൊലീസ് പോലുമില്ലാതെ കടന്നുചെല്ലാൻ പൊലീസ് തയാറായത്? രണ്ട് വനിത നേതാക്കളുടെ മുറിയിൽ പാതിരാത്രി കഴിഞ്ഞ് റെയ്‌ഡ് നടത്താൻ ഉത്തരവ് നൽകിയത് ആരാണെന്നും വേണുഗോപാൽ ചോദിച്ചു.

അർധരാത്രിയിൽ പൊലീസ് എത്തുമ്പോൾ സി.പി.എമ്മുകാരും ബി.ജെ.പിക്കാരും അവിടെ ഒന്നിച്ചുണ്ടായിരുന്നു. അവർക്ക് എവിടെ നിന്നാണ് വിവരം ലഭിച്ചത്? മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്‌തിരിക്കുന്നത്, സ്ത്രീത്വത്തിനെതിരായ കടുത്ത ആക്രമണമാണ് നടന്നിരിക്കുന്നത്. ഈ വിഷയത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വം ശക്തമായി അപലപിക്കുന്നു. ഈ വിഷയം വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. നിയമപരമായും രാഷ്ട്രീയപരമായും എല്ലാ രീതിയിലും ഇതിനെ ചെറുത്ത് തോൽപിക്കാനുള്ള നടപടി സ്വീകരിക്കും. ഇതിൽ പങ്കുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക തന്നെ ചെയ്യുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

ബി.ജെ.പിയും സി.പി.എമ്മും പ്രതിക്കൂട്ടിലുള്ള കൊടകരയിലെ സംഭവം മറച്ചുപിടിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു ഉദ്യമത്തിന് അവർ മുതിർന്നത്. 41 കോടിയുടെ കുഴൽപ്പണം രാജ്യം മുഴുവൻ ഒഴുകി നടന്നിട്ടും കേരളത്തിലെ പൊലീസ് കൈമലർത്തുകയാണ്. എല്ലാ സാക്ഷി മൊഴികളും വിവരങ്ങളും തെളിവുകളും കഴിഞ്ഞ 3 വർഷമായി കൈവശമുണ്ടായിട്ടും കേരള പൊലീസ് ഇതെല്ലാം മറച്ചുവയ്ക്കുകയായിരുന്നു. നടപടിയൊന്നും എടുത്തിട്ടില്ല. ഈ വിഷയത്തിൽ കേരള പൊലീസും കുറ്റക്കാരാണ്.

കേരളത്തിലെ ഏറ്റവും വലിയ ഹവാല ഇടപാടിൽ ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ കുറ്റവാളികളായപ്പോൾ കോൺഗ്രസ് വനിത നേതാക്കളെ അപമാനിച്ച് വിഷയം മാറ്റാനാണ് അവർ ശ്രമിച്ചത്. ഈ സംഭവത്തിന്‍റെ ഗൗരവം ഏറെയാണ്. കള്ളപ്പണ മാഫിയ ഉണ്ടെന്ന് തെളിവടക്കം ലഭിച്ചിട്ടും നടപടിയെടുക്കാത്ത കേരള പൊലീസ് ഇപ്പോൾ ബി.ജെ.പിയോട് ചേർന്ന് തിരക്കഥയുണ്ടാക്കി നാടകം കളിക്കുകയാണ്. തൃശൂരിലെ ഡീൽ പാലക്കാട്ടും ആവർത്തിക്കാനാണ് ശ്രമമെന്നതിന് തെളിവാണ് ഇന്നലത്തെ സംഭവവികാസങ്ങൾ. സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ സി.പി.എം തയാറാകാത്തപ്പോൾ തന്നെ ഈ ചോദ്യം ഉയർന്നതാണ്.

തെരച്ചിലിൽ ഒന്നും ലഭിച്ചില്ലെന്ന് എഴുതിക്കൊടുത്താണ് പൊലീസ് പോയത്. കൊടകര കള്ളപ്പണക്കേസിന് മറ പിടിക്കാൻ നടത്തിയ കള്ളനാടകം മാത്രമായിരുന്നു പാലക്കാട് നടന്നതെന്ന് വ്യക്തം. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും നടന്നിട്ടില്ലാത്ത വിധം ലജ്ജാകരമായ സംഭവമായിപ്പോയി. മുകളിൽ നിന്നുള്ള ഉത്തരവില്ലാതെ ഇത്തരമൊരു ശ്രമം പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടാകില്ല. പിണറായി വിജയന്‍റെ അനുവാദത്തോടെയാണ് കോൺഗ്രസിന്‍റെ വനിത നേതാക്കളുടെ കിടപ്പുമുറിയിലേക്ക് പൊലീസ് അതിക്രമിച്ച് കയറിയത്. മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe