കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അനധികൃത പണക്കടത്തും മറ്റും തടയുന്നതിനായി ജില്ല അതിർത്തികളിൽ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എക്സ്പെൻഡീച്ചർ പരിശോധന വിഭാഗത്തിന് കേന്ദ്ര ചെലവ് നിരീക്ഷകൻ സീതാറാം മീണ നിർദേശം നൽകി.
ചൊവ്വാഴ്ച കലക്ടറേറ്റിലെത്തിയ അദ്ദേഹം ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്, സബ് കലക്ടർ ഹർഷിൽ ആർ. മീണ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ശീതൾ ജി. മോഹൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവമ്പാടി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ക്വാഡുകളുടെ പ്രവർത്തനം അദ്ദേഹം വിലയിരുത്തി. ഒമ്പത് സ്റ്റാറ്റിക് സർവൈലൻസ് ടീം, മൂന്ന് ഫ്ലയിങ് സ്ക്വാഡ്, നാല് ആന്റി ഡീഫെയിസ്മെന്റ് സ്ക്വാഡ്, ഒരു വിഡിയോ സർവൈലൻസ് ടീം എന്നിവയാണ് മണ്ഡലത്തിൽ പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി വയനാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലാണ് അദ്ദേഹം താമസം. ബന്ധപ്പെടേണ്ട നമ്പർ: 9408791788.
യോഗത്തിൽ എക്സ്പെൻഡീച്ചർ നോഡൽ ഓഫിസർ കെ.പി. മനോജൻ, അസി. എക്സ്പെൻഡീച്ചർ ഓഫിസർ പ്രീത സ്കറിയ, താമരശ്ശേരി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.