എസ്ബിഐ അക്കൗണ്ടുള്ളവർ ‘ജാഗ്രതൈ’; വരുന്നത് റിവാര്‍ഡല്ല, വമ്പന്‍ പണി, ശ്രദ്ധിച്ചില്ലെങ്കിൽ പണം പോകും

news image
Nov 4, 2024, 9:06 am GMT+0000 payyolionline.in

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടുകളോ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളോ ഉള്ള പല ഉപഭോക്താക്കളെയും പറ്റിച്ച് പണം തട്ടിയെടുക്കുന്നതിന് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് തട്ടിപ്പുകാര്‍. റിവാര്‍ഡ് പോയിന്‍റുകളുടെ പേരിലാണ്  തട്ടിപ്പ്. റിവാര്‍ഡ് പോയിന്‍റ് ലഭിച്ചിട്ടുണ്ടെന്നും അത് ഇന്ന് തന്നെ ഉപയോഗിക്കണം എന്നും പറഞ്ഞ് എസ്എംഎസ് അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഉദാഹരണത്തിന് എസ്ബിഐ ഉപഭോക്താവായ നിങ്ങള്‍ക്ക് 9,000 രൂപയോ അതില്‍ കൂടുതലോ മൂല്യമുള്ള റിവാര്‍ഡ് പോയിന്‍റുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഈ പോയിന്‍റുകളുടെ കാലാവധി ഇന്ന് തന്നെ അവസാനിക്കുമെന്നും ഇവ ഉപയോഗിക്കാന്‍ സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം എന്നുമായിരിക്കും മെസേജ്.

ഡൗണ്‍ലോഡ് ചെയ്ത ശേഷം അക്കൗണ്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, പാസ്വേഡ് തുടങ്ങിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൂരിപ്പിക്കാന്‍ ഉപഭോക്താവിനോട് ആവശ്യപ്പെടുന്നു. ഈ വിവരങ്ങളെല്ലാം തട്ടിപ്പുകാരിലേക്ക് എത്തുന്നു. ഇതോടെ തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ട് കാലിയാക്കും. ഉത്സവ സീസണില്‍ പലരും കാര്‍ഡുകള്‍ ഉപയോഗിച്ച് പേയ്മെന്‍റ് നടത്തിയിട്ടുണ്ട്. ഇതിലൂടെ റിവാര്‍ഡ് പോയിന്‍റുകള്‍ കിട്ടിയിട്ടുണ്ടെന്ന് ഉപഭോക്താക്കള്‍ വിശ്വസിക്കാന്‍ ഇടയുള്ളതുകൊണ്ടാണ് വീണ്ടും ഇത്തരം തട്ടിപ്പുകള്‍ നടത്താന്‍ കാരണം

 

തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം

എസ്ബിഐയില്‍ നിന്നുള്ള എല്ലാ റിവാര്‍ഡ് പോയിന്‍റ് സന്ദേശങ്ങളും വ്യാജമാകണെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ എസ്ബിഐ ഒരിക്കലും ഇത്തരം സന്ദേശങ്ങളോടൊപ്പം ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് നല്‍കാറില്ല. ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി മാത്രമേ എസ്ബിഐ റിവാര്‍ഡ് പോയിന്‍റുകള്‍ ഉപയോഗിക്കാനാകൂ. ഇതിനായി ഒരു ലിങ്കിലും ക്ലിക്ക് ചെയ്യേണ്ടതില്ല. നിങ്ങള്‍ക്കും ഇത്തരമൊരു സന്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍ ജാഗ്രത പാലിക്കുക. സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യരുത്. അത്തരം സന്ദേശങ്ങള്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക. ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍, ഉടന്‍ തന്നെ അത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക, ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുന്നതാണ് നല്ലത്. ഇടപാടുമായി ബന്ധപ്പെട്ട ഒടിപി ആരോടും വെളിപ്പെടുത്തരുത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe