കോഴിക്കോട് ∙ ദേശീയപാത ആറുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മലാപ്പറമ്പ് ജംക്ഷനിൽ ഓവർപാസ് നിർമിക്കുന്നതിന് 29 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മലാപ്പറമ്പ് ജംക്ഷനിൽ 45 മീറ്റർ ചുറ്റളവിൽ താൽക്കാലികമായി ബാരിയർ വച്ചു റൗണ്ട് എബൗട്ട് സ്ഥാപിച്ചു. ഇതിനകത്തു15 മീറ്റർ ആഴം കൂട്ടി മണ്ണെടുത്താണു മേൽപാലം നിർമാണം നടക്കുക.
നിർമാണത്തിന്റെ ഭാഗമായി വയനാട് ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ വെള്ളിമാടുകുന്ന് പൂളക്കടവ് ജംക്ഷനിൽ ഇടത് തിരിഞ്ഞു ഇരിങ്ങാടൻപ്പള്ളി, ചേവരമ്പലം വഴി ബൈപാസിൽ കയറി തൊണ്ടയാട് വഴിയോ മലാപ്പറമ്പ് കയറിയോ നഗരത്തിലേക്ക് പോകാം. നഗരത്തിൽ നിന്നു വയനാട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ എരഞ്ഞിപ്പാലത്തു നിന്നു ഇടത് തിരിഞ്ഞു കരിക്കാൻകുളം റോഡിൽ കയറി വേദവ്യാസ സ്കൂളിനു സമീപത്തെ അടിപ്പാത വഴി മലാപ്പറമ്പിൽ എത്തി വയനാട് റോഡിൽ കയറി പോകേണ്ടതാണ്.
കണ്ണൂർ ഭാഗത്തു നിന്നു രാമനാട്ടുകര ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ വെങ്ങളം ജംക്ഷനിൽ നിന്നു ബീച്ച് റോഡിൽ കയറി മുഖദാർ, പുഷ്പ ജംക്ഷൻ വഴി രാമനാട്ടുകര ഭാഗത്തേക്ക് പോകേണ്ടതാണ്. കൊച്ചി, പാലക്കാട് ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങൾ തൊണ്ടയാട് നിന്നു ഇടതു തിരഞ്ഞു കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്തു കണ്ണൂർ ഭാഗത്തേക്കു പോകേണ്ടതാണെന്നു ദേശീയപാത അധികൃതർ അറിയിച്ചു.