തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

news image
Oct 28, 2024, 5:51 am GMT+0000 payyolionline.in

പാ​ല​ക്കാ​ട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. തേങ്കുറുശ്ശി ഇലമന്ദം അനീഷ് (27) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ഹരിതയുടെ പിതാവ് ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (43), അമ്മാവൻ ചെറുതുപ്പല്ലൂർ സുരേഷ് (45) എന്നിവർക്കാണ് പാലക്കാട് ജില്ല ഒന്നാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.

2020 ഡിസംബർ 25ന് വൈകീട്ട് ആറോടെ മാനാംകുളമ്പ് സ്കൂളിനു സമീപത്താണ് അനീഷിനെ ഭാര്യാപിതാവ് പ്രഭുകുമാറും അമ്മാവൻ സുരേഷും വെട്ടിക്കൊലപ്പെടുത്തിയത്. തമിഴ് പിള്ള സമുദായാംഗമായ ഹരിതയും കൊല്ല സമുദായാംഗമായ അനീഷും തമ്മിലുള്ള പ്രണയവിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷമായിരുന്നു ​കൊലപാതകം. ജാതിയിലും സമ്പത്തിലും താഴ്ന്ന നിലയിലുള്ള അനീഷ് മകളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമായത്.

കോയമ്പത്തൂരിൽനിന്ന് വിവാഹാലോചന വന്നതി​ന്റെ പിറ്റേന്നാണ് ഹരിതയും അനീഷും വീട്ടുകാരറിയാതെ വിവാഹിതരായത്. തുടർന്ന് പിതാവ് പ്രഭുകുമാർ കുഴൽമന്ദം സ്റ്റേഷനിൽ പരാതി നൽകി. ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയെങ്കിലും അനീഷിനോടൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് ഹരിത അറിയിച്ചു.

സ്റ്റേഷനിൽ നിന്നിറങ്ങവെ 90 ദിവസത്തിനകം തന്നെ വകവരുത്തുമെന്ന് പ്രഭുകുമാർ അനീഷിനോട് പറഞ്ഞിരുന്നു. പ്രഭുകുമാറും സുരേഷും പലതവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിന്‍റെ പിതാവ് ആറുമുഖൻ പൊലീസിൽ പരാതി നൽകിയിരുന്നു.

ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. കൊലപാതകം നടന്ന്​ 75ാം ദിവസം തന്നെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പി. അനിലാണ് പബ്ലിക് പ്രോസിക്യൂട്ടർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe