വാട്‌സാപ്‌ ഗ്രൂപ്പിൽ ആക്ഷേപം; 4 പൊലീസുകാർക്കെതിരെ അന്വേഷണം

news image
Oct 26, 2024, 5:01 pm GMT+0000 payyolionline.in

മലപ്പുറം :വാട്‌സാപ്‌ ഗ്രൂപ്പിൽ പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ നിരന്തരം ആക്ഷേപം നടത്തിയ പൊലീസുകാർക്കെതിരെ അന്വേഷണത്തിന്‌ ജില്ലാ പൊലീസ്‌ ചീഫ്‌ പി ആർ വിശ്വനാഥ്‌ ഉത്തരവിട്ടു. പൊലീസിനെതിരായ വാർത്തകളും അഭിപ്രായങ്ങളും ഗ്രൂപ്പുകളിൽ പങ്കുവച്ചതിനാണ്‌ നിലമ്പൂർ സ്‌റ്റേഷൻ എഎസ്‌ഐ ടി എസ്‌ നിഷ, സ്‌പെഷ്യൽ ബ്രാഞ്ച്‌ ഇന്റലിജൻസ്‌ വിഭാഗം സിപിഒ ഇ ജി പ്രദീപ്‌, മഞ്ചേരി സ്‌റ്റേഷൻ സിപിഒ പി ഹുസൈൻ, ട്രാഫിക്‌ സ്‌റ്റേഷനിലെ സിപിഒ അബ്ദുൾ അസീസ്‌ എന്നിവർക്കെതിരെ അന്വേഷണം.

ഇ ജി പ്രദീപിനെ കഴിഞ്ഞദിവസം ഇന്റലിജൻസ്‌ വിഭാഗത്തിൽനിന്ന്‌ വഴിക്കടവ്‌ സ്‌റ്റേഷനിലേക്ക്‌ സ്ഥലംമാറ്റി.

മലപ്പുറം മുൻ പൊലീസ്‌ ചീഫ്‌ എസ്‌ സുജിത്‌ ദാസിനെതിരെ പി വി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചതുമുതലാണ്‌ വാട്‌സാപ്‌ ഗ്രൂപ്പിൽ ഇവർ പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ നിരന്തരം അധിക്ഷേപംചൊരിഞ്ഞത്‌. സുജിത്‌ ദാസിനെ സർക്കാർ സസ്‌പെൻഡുചെയ്‌തപ്പോൾ ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്നായിരുന്നു പ്രതികരണം.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ ‘ദ ഹിന്ദു’ പത്രത്തിലെ ലേഖനത്തിന്റെ മറപിടിച്ച്‌ മതമൗലികവാദ സംഘടനകൾ നടത്തിയ വർഗീയപ്രചാരണത്തെ അനുകൂലിച്ചും ചിലർ ഗ്രൂപ്പിൽ കമന്റിട്ടു. ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലെ ഇരുന്നൂറോളം പൊലീസുകാർ അംഗങ്ങളായുള്ള മലപ്പുറം പൊലീസ്‌ വാട്‌സാപ്‌ ഗ്രൂപ്പ്‌ വഴിയാണ്‌ ഇവർ സന്ദേശങ്ങൾ പ്രചരിപ്പിച്ചത്‌. പൊലീസ്‌ സേനയുടെ അച്ചടക്കത്തിന്‌ വിരുദ്ധമായ പോസ്‌റ്റുകൾ പ്രചരിപ്പിച്ചതായി ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു.

തുടർന്നാണ്‌ വിശദ അന്വേഷണത്തിന്‌ പെരിന്തൽമണ്ണ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തി ജില്ലാ പൊലീസ്‌ ചീഫ്‌ ഉത്തരവിറക്കിയത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe