അൻവറിന്‍റെ ഡിഎംകെയിലും പൊട്ടിത്തെറി; ബി ഷമീർ പാർട്ടി വിട്ടു

news image
Oct 25, 2024, 2:25 pm GMT+0000 payyolionline.in

പാലക്കാട്: ശക്തിപ്രകടനത്തിന് കൂലിക്ക് ആളെയിറക്കിയെന്ന ആരോപണത്തിനിടെ പിവി അൻവറിന്‍റെ പാ‍ർട്ടിയായ ഡിഎംകെയിൽ പൊട്ടിത്തെറി. പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ സെക്രട്ടറി  ബി ഷമീർ രാജിവെച്ച്  സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി. അൻവർ ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പിൻവലിച്ചതിൽ പ്രവർത്തകർക്ക് കടുത്ത നിരാശയുണ്ടെന്നും തന്നോടൊപ്പം 100 പേർ പാർട്ടി വിടുമെന്നും ഷമീർ പ്രതികരിച്ചു.

അൻവർ പാർട്ടി പ്രവർത്തകരെ വഞ്ചിച്ചുവെന്നും പാലക്കാട്ടെ ഡിഎംകെയുടെ സ്ഥാനാർഥിയെ പിൻവലിച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും  പാർട്ടിക്കായി ഇറങ്ങിയ പല പ്രവർത്തകർക്കും അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും ഷമീര്‍ ആരോപിച്ചു.  തന്നെ അറിയില്ലെന്ന് അൻവറിന് പറയാൻ കഴിയില്ല. അൻവറിന്‍റെ കൺവെൻഷനിൽ നന്ദി പറഞ്ഞത് താനാണ്. പാർട്ടി രൂപീകരിച്ചത് മുതൽ ജില്ലാ ഭാരവാഹിയാണ്.  തന്നോടൊപ്പം 100 പ്രവർത്തകർ പാർട്ടി വിടുമെന്നും ബി ഷമീര്‍ പറഞ്ഞു.

അതേസമയം, ഷമീറിനെ തള്ളി അൻവര്‍ രംഗത്തെത്തി. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടിയുടെ ആരുമല്ലെന്നും പിവി അൻവര്‍ പറഞ്ഞു.പാര്‍ട്ടിയിലെ പൊട്ടിത്തെറിക്കിടെ പി വി അൻവര്‍, മുൻ ഇടത് എം എൽ എ കാരാട്ടും റസാഖുമായി കൂടിക്കാഴ്ച നടത്തി. ചേലക്കരയിൽ എത്തിയാണ് റസാഖ് അൻവറിനെ കണ്ടത്.അൻവർ പറഞ്ഞ കാര്യങ്ങൾ പഠിക്കാനാണ് വന്നതെന്ന് റസാഖ് പറഞ്ഞു. പഠിച്ച ശേഷം പിന്തുണയുടെ കാര്യത്തിൽ തീരുമാനമെടുക്കും. ഇപ്പോൾ താൻ ഇടതുപക്ഷത്തിന്‍റെ ഭാഗമാണെന്നും റസാഖ് പറഞ്ഞു.ഇതിനിടെ, ചേലക്കരയിലെ പിവി അൻവറിന്‍റെ സ്ഥാനാര്‍ത്ഥി എൻകെ സുധീര്‍ മൂന്ന് സെറ്റ് പത്രി നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe