പാലക്കാട്: വി.ഡി. സതീശനും ഷാഫി പറമ്പിലും ഏകാധിപതികളെ പോലെയാണ് പാര്‍ട്ടിയില്‍ പെരുമാറുന്നതെന്ന് പാലക്കാട്ടെ കോൺഗ്രസ് വിമതനും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയുമായ എ.കെ. ഷാനിബ്. വി.ഡി. സതീശന്‍ തീരുമാനിക്കുന്നു, ഷാഫി അത് നടപ്പിലാക്കുന്നു എന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. വാട്‌സാപ്പില്‍ ഷാഫി അയച്ചുകൊടുക്കുന്നത് മാത്രമേ അദ്ദേഹം അറിയുന്നുള്ളൂവെന്നും ഷാനിബ് പറഞ്ഞു.
പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാത്ത, പക്വതയില്ലാത്ത നേതാവാണ് വി.ഡി. സതീശൻ. ധാര്‍ഷ്ട്യവും അഹങ്കാരവുമാണ് അദ്ദേഹത്തിന്. കഴിഞ്ഞ നാല് വര്‍ഷമായി തന്നെ പാര്‍ട്ടിയില്‍ കണ്ടിട്ടില്ലെന്ന് വി.ഡി സതീശൻ പറഞ്ഞത് കള്ളമാണ്. ബി.ജെ.പിയെ സഹായിക്കാനാണ് സതീശന്‍റെ ശ്രമം. നിലപാട് പറയുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന സമീപനമാണ് അദ്ദേഹത്തിനെന്നും ഷാനിബ് ആരോപിച്ചു.
പാലക്കാട് മണ്ഡലത്തിൽ താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് എ.കെ ഷാനിബ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. തന്‍റെ സ്ഥാനാർഥിത്വം ഒരിക്കലും ബി.ജെ.പിയെ സഹായിക്കാനല്ല. ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമുള്ള മറുപടിയാണ് തന്‍റെ സ്ഥാനാർഥിത്വം. പി.വി. അൻവർ നേരിട്ട് തന്നെ ബന്ധപ്പെട്ടിട്ടില്ല. എന്നാൽ സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും ഷാനിബ് പറഞ്ഞു. നിരവധി കോൺഗ്രസ് പ്രവർത്തകർ തന്നെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഷാനിബ് പറഞ്ഞു.
പി. സരിനു പിന്നാലെ പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് നേതാവാണ് എ.കെ. ഷാനിബ്. കഴിഞ്ഞ ദിവസം, പാർട്ടി വിടാനുള്ള കാരണങ്ങൾ വിവരിച്ച് ഷാനിബ് വാർത്താ സമ്മേളനം നടത്തിയിരുന്നു. സി.പി.എം തുടർ ഭരണം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും, ഉമ്മൻ ചാണ്ടിക്ക് ശേഷം തങ്ങളെ കേൾക്കാൻ ആരുമില്ലെന്നും ഷാനിബ് പറഞ്ഞിരുന്നു.