ഡൽഹി മുഖ്യമന്ത്രിയെ വസതിയിൽ നിന്ന്‌ പുറത്താക്കി; വിചിത്ര നടപടിയുമായി കേന്ദ്രം

news image
Oct 10, 2024, 5:17 am GMT+0000 payyolionline.in

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷിയെ സിവിൽ ലൈൻസിലെ ഫ്ലാഗ്‌സ്റ്റാഫ്‌ റോഡിലെ ആറാം നമ്പർ വസതിയിൽനിന്ന്‌ പുറത്താക്കി കേന്ദ്രസർക്കാരിന്റെ വിചിത്ര നടപടി. മുൻ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിൽനിന്ന്‌ അതിഷി വസതി ഏറ്റെടുത്ത മൂന്നാം നാളിലാണ്‌ കേന്ദ്രപൊതുമരാമത്ത്‌ വകുപ്പിന്റെ നടപടി.

ഔദ്യോഗികമായി വസതി അതിഷിക്ക്‌ അനുവദിച്ചിട്ടില്ലെന്നാണ്‌ വാദം. രാജ്യചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയെ കുടിയൊഴിപ്പിക്കുന്ന അസാധാരണ നടപടിയെന്നും ബിജെപിയുടെ ഉന്നത നേതാവിന് വസതി കൈമാറാനുള്ള ലഫ്‌റ്റനന്റ്‌ ഗവർണറുടെ ശ്രമമാണിതെന്നും  മുഖ്യമന്ത്രിയുടെ ഓഫീസ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

 

ലഫ്‌.  ഗവർണർ നിര്‍ദേശിച്ച പ്രകാരം അതിഷിയുടെ വീട്ടുസാധനങ്ങൾ ബലമായി നീക്കംചെയ്‌തു. ബുധനാഴ്ച രാവിലെ 11-.30-ന്‌ എത്തിയ കേന്ദ്രപൊതുമരാമത്ത്‌ വകുപ്പുദ്യോഗസ്ഥരാണ്‌ ഉടൻ വസതി ഒഴിയാൻ ആവശ്യപ്പെട്ടത്‌. രണ്ടുമണിയോടെ താക്കോൽ വാങ്ങി മുദ്രവച്ചു. കെജ്‌രിവാൾ രാജിവച്ചതോടെ വസതി അതിഷിക്ക്‌ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  കത്തുനൽകിയെങ്കിലും നടപടിയെടുത്തില്ല. മുഖ്യമന്ത്രിയായതുമുതൽ അരവിന്ദ്‌ കെജ്‌രിവാൾ ഇവിടെയാണ്‌ താമസിക്കുന്നതെങ്കിലും  ഡൽഹി ഫ്ലാഗ്‌സ്റ്റാഫ്‌ റോഡിലെ വസതിയെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായി വിജ്ഞാപനം ചെയ്‌തിട്ടില്ല. വസതി പുതുക്കിപ്പണിതതിൽ അഴിമതിയുണ്ടെന്ന പരാതി  സിബിഐ അന്വേഷിക്കുന്നുണ്ട്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe