തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി മിനിറ്റുകൾ മാത്രമാണ് ബാക്കി. ആരാകും ആ 25 കോടിയുട ഭാഗ്യശാലി എന്നറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് കേരളക്കര. അവസാന ലാപ്പിലും ഷോപ്പുകളിൽ വൻ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ടിക്കറ്റ് വില 500 ആയതുകൊണ്ട്, കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഷെയറിട്ട് ലോട്ടറി എടുക്കുന്നവരുടെ എണ്ണത്തിൽ ഇത്തവണയും വൻ വർദ്ധനവുണ്ട്. അതും നാൽപതും അൻപതും ടിക്കറ്റുകൾ. അത്തരത്തിൽ ഷെയറിട്ട് ലോട്ടറി എടുത്തവരും കാശ് കയ്യിൽ കിട്ടാൻ കാത്തിരിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഇങ്ങനെ:-
ഷെയറിട്ട് ലോട്ടറി എടുക്കുമ്പോള്‍..
- ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തണം.
- 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്.
- ഈ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്.
- ജോയിന്റ് അക്കൗണ്ട് തുടങ്ങിയ ശേഷം തുക കൈപ്പറ്റാൻ ഒരാളെ ഏർപ്പാട് ചെയ്യുകയും ആകാം. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേരുള്ള എല്ലാവരുടേയും വിശദാംശങ്ങൾ ലോട്ടറി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.
നിബന്ധനകളും വ്യവസ്ഥകളും ഇങ്ങനെ
1. ടിക്കറ്റ് വാങ്ങിയാലുടൻ ടിക്കറ്റിന്റെ മറുവശത്ത് സ്വന്തം പേരും ഒപ്പും മേൽവിലാസവും രേഖപ്പെടുത്തണം.
2. ഒന്ന് മുതൽ മൂന്ന് വരെയുള്ള സമ്മാനങ്ങൾ വിൽക്കപ്പെട്ട ടിക്കറ്റുകളിൽ ഉറപ്പാക്കി നറുക്കെടുപ്പ് നടത്തും. ബാക്കി സമ്മാനങ്ങളുടെ എണ്ണം വിൽക്കപ്പെടുന്ന ടിക്കറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ ബാക്കി 9 പരമ്പരകളിലുള്ള അതേ നമ്പർ ടിക്കറ്റുകൾക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനമായി നൽകുന്നു.
3. 1 മുതൽ 4 വരെ സമ്മാനാർഹമായ ടിക്കറ്റുകൾ, സമാശ്വാസ സമ്മാനാർഹമായ ടിക്കറ്റുകൾ എന്നിവയുടെ സമ്മാനത്തുകയിൽ നിന്ന് 10 ശതമാനം കിഴിവ് ചെയ്ത് പ്രസ്തുത ടിക്കറ്റുകൾ വിറ്റ ഏന്റിന് ഏജൻസി സമ്മാനമായി നൽകും. 5 മുതൽ 8 വരെ സമ്മാനാർഹമായ ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ 10 ശതമാനം വീതം പ്രസ്തുത ടിക്കറ്റ് വിറ്റ ഏജന്റിന് സമ്മാനമായി സർക്കാർ ഫണ്ടിൽ നിന്ന് നൽകും.
4. സമ്മാനാർഹർ നറുക്കെടുപ്പ് തിയതി മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റുകൾ ഹാജരാക്കേണ്ടതുണ്ട്. 1 മുതൽ 3വരെയുള്ള സമ്മാനാർഹർ, സമാശ്വാസ സമ്മാനാർഹർ, എന്നിവർക്ക് ടിക്കറ്റുകൾ നേരിട്ടോ ദേശോത്കൃത /ഷെഡ്യൂൾഡ്/ കേരള ബാങ്ക് വഴിയോ ആവശ്യമായ രേഖകൾ സഹിതം ഭാഗ്യക്കുറി ഓഫിസിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈ പറ്റാവുന്നതാണ്. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനാർഹർക്ക് ടിക്കറ്റുകൾ ജില്ലി/സബ് ഭാഗ്യക്കുറി ഓഫീസുകളിൽ ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്.
5. സമ്മാനാർഹന്റെ ഒപ്പും മേൽവിലാസവും രേഖപ്പെടുത്തിയ സമ്മാന ടിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, പാൻ കാർഡ്, ടിക്കറ്റിൽ രേഖപ്പെടുത്തിയ മേൽവിലാസം തെളിയിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, സമ്മാനാർഹന്റെ ഒപ്പ്, പേര് മേൽവിലാസം, ഫോൺ നമ്പർ ഇവ രേഖപ്പെടുത്തിയതും ഒരു രൂപ സ്റ്റാമ്പ് പതിച്ചതുമായ രസീത്, സമ്മാനാർഹന്റെ ബാങ്ക് അക്കൗണ്ട് നമ്പർ ഐഎഫ്സി കോഡ് എന്നിവ സഹിതം പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ടിക്കറ്റിനോടൊപ്പം ഹാജരാക്കേണ്ടതാണ്.
6. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള സമ്മാനാർഹർ ഒരു ലക്ഷം രൂപ മുതലുള്ള സമ്മാനാർഹമായ ടിക്കറ്റുകൾ ഭാഗ്യക്കുറി ഡയറക്ട്രേറ്റിൽ ഹാജരാക്കേണ്ടതും ടിക്കറ്റിനൊപ്പം മുകളിൽ പറഞ്ഞ രേഖകൾ നോട്ടറി സാക്ഷ്യപ്പെടുത്തേണ്ടതുമാണ്.
7. കൃതൃമം കാണിച്ചതോ കേടുപാടുകൾ വരുത്തിയതോ ആയ ടിക്കറ്റുകൾക്ക് സമ്മാനം നിരസിക്കുന്നതാണ്. ഒരു ടിക്കറ്റിന് ആ നമ്പറിൽ ലഭിച്ച ഏറ്റവും ഉയർന്ന ഒരു സമ്മാനം മാത്രമേ അനുവദിക്കുകയുള്ളൂ. നിയമാനുസൃദമായ ആദായ നികുതിയും അനുബന്ധ നികുതികളും സമ്മാനത്തുകയിൽ നിന്നും കിഴിവ് ചെയ്യുന്നതാണ്.
8. 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളുകളിൽ നിന്നും മാറ്റി പണം കൈപ്പറ്റാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലാണ് സമ്മാനത്തുകയെങ്കിൽ ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ട്രേറ്റിലോ, ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി മാറ്റിയെടുക്കാം.