തിരുവനന്തപുരം: എറണാകുളം, മലപ്പുറം ജില്ലകളിലേക്ക് പി.എസ്.സി നടത്തിയ എൽ.ഡി ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷയുടെ തലേദിവസം പി.എസ്.സിയുടെ ഔദ്യോഗിക സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്തിൽ വിശദീകരണവുമായി കേരള പബ്ലിക് സർവിസ് കമീഷൻ. ഗൂഗ്ൾ സെർച്ചിൽ ചോദ്യപേപ്പർ അപ്ലോഡ് ചെയ്ത സമയം തെറ്റായി കാണപ്പെടുന്നതാണെന്നും വിഷയം ഗൂഗിളിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പി.എസ്.സി അറിയിച്ചു. സാങ്കേതിക പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം.
ഗൂഗിളിന്റെ സെർച്ചിൽ കാണുന്ന ടൈം സ്റ്റാമ്പിൽ കൃത്യതയില്ലാതെ വരുമെന്നും പ്രസിദ്ധീകരിച്ച തീയതിയിൽ മാറ്റം സംഭവിക്കാമെന്നും ഗൂഗ്ൾ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താലാണ് ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച യഥാർഥ സമയത്തിൽ മാറ്റം സംഭവിച്ചതെന്നും പി.എസ്.സി അറിയിച്ചു. ശനിയാഴ്ചയാണ് രണ്ട് ജില്ലകളിലെയും പരീക്ഷ നടന്നത്. എന്നാൽ, പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ബുക്ക്ലെറ്റ് നമ്പർ 133/2024 എം എന്ന നമ്പറിലുള്ള 100 ചോദ്യങ്ങൾ അടങ്ങിയ ചോദ്യപേപ്പർ വെള്ളിയാഴ്ച പി.ഡി.എഫ് രൂപത്തിൽ അപ്ലോഡ് ചെയ്തതായാണ് ഗൂഗ്ൾ കാണിക്കുന്നത്.