‘പിവി അൻവർ മതസ്‌പർദ്ധ വളർത്തുന്ന പ്രചാരണം നടത്തുന്നു’; എംഎൽഎക്കെതിരെ തൃശ്ശൂർ പൊലീസിന് പരാതി

news image
Oct 3, 2024, 3:04 pm GMT+0000 payyolionline.in

തൃശ്ശൂർ: പി.വി അൻവർ എംഎൽഎക്കെതിരെ തൃശൂർ സിറ്റി പൊലീസിന് പരാതി. സമൂഹത്തിൽ മത സ്പർദ്ധ വളർത്തുന്ന രീതിയിൽ  പ്രചരണം നടത്തുന്നതായി ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ഇടതുപ്രവർത്തകൻ കെ കേശവദേവാണ് പരാതിക്കാരൻ. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിനെ വർഗീയവാദി, മുസ്‌ലിം വിരോധി എന്നിങ്ങനെ ആരോപിച്ച് നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം.

അതിനിടെ നിലമ്പൂർ എംഎൽഎ പിവി അൻവറിന് സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശിയും വക്കീൽ നോട്ടീസ് അയച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അൻവർ നൽകിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീൽ നോട്ടീസ് അയച്ചത്. പാർട്ടി സെക്രട്ടറിക്ക് നൽകിയ കത്ത് അൻവർ പിന്നീട് മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. ആരോപണം ഉടൻ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കും. പൊതുസമ്മേളനങ്ങളിലും പത്രസമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതികളിലും ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe