മിഷിഗൺ (യു.എസ്.എ): ടോയ്ലറ്റിൽ ഫ്ലഷ് അടിക്കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് ഏഴു വയസ്സുകാരിയെ 13കാരിയായ സഹോദരി കുത്തിക്കൊന്നു. അമേരിക്കയിലെ മിഷിഗണിലെ ടെയ്ലർ പട്ടണത്തിലാണ് ദാരുണ സംഭവം നടന്നത്.
മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് അനിയത്തിയെ നോക്കാൻ മൂത്ത സഹോദരിയെ ഏൽപിക്കുകയായിരുന്നു. വെറും രണ്ടു മണിക്കൂർ മാത്രമാണ് കുട്ടികൾ ഒറ്റക്ക് വീട്ടിൽ നിന്നതെന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. പെൺകുട്ടികൾ തമ്മിൽ വഴക്കുണ്ടാവുകയും ശേഷം കൗമാരക്കാരി സഹോദരിയെ ബാത്ത്റൂമിൽ വെച്ച് ഒന്നിലധികം തവണ കുത്തുകയുമായിരുന്നു.
ആക്രമണത്തിന് ശേഷം 13കാരി തന്നെ എമർജൻസി നമ്പറിൽ വിളിച്ചു വിവരം പറയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെയ്ൻ കൗണ്ടി പ്രോസിക്യൂട്ടർ കിം വർത്തി പെൺകുട്ടിക്കെതിരെ കൊലപാതകം, ബാലപീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയതായി അറിയിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കുത്തേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഒന്നിലധികം തവണ കുത്തേറ്റ കുട്ടിയെ പൊലീസ് വീട്ടിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടറുടെ ഓഫിസ് പറഞ്ഞു. കുട്ടിയുടെ പ്രായം പരിഗണിച്ച് അവളെ ജുവനൈൽ സിസ്റ്റത്തിൽ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. 21ആം വയസ്സിൽ മോചിപ്പിക്കുന്നതുവരെ ചികിത്സയും പുനരധിവാസവും സർക്കാർ നിർവഹിക്കും.