മുഖ്യമന്ത്രിക്ക് പി.ആറിന്റെ ആവശ്യമില്ല; മാധ്യമങ്ങൾ കണ്ണാടി നോക്കിയെങ്കിലും മാപ്പ് പറയണം -മുഹമ്മദ് റിയാസ്

news image
Oct 2, 2024, 7:07 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിക്ക് പി.ആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മാധ്യമങ്ങളാണ് മുഖ്യമന്ത്രി അഭിമുഖത്തിന് താൽപര്യപ്പെടുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ പറഞ്ഞുവെന്നാണ് മാധ്യമങ്ങൾ പ്രചാരണം നടത്തിയത്.

എന്നാൽ, ഇതിന്റെ നിജസ്ഥിതി മനസിലായതിന് ശേഷം തിരുത്താൻ മാധ്യമങ്ങൾ തയാറായോയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. കണ്ണാടിയിൽ നോക്കിയെങ്കിലും ഈ പ്രചാരണത്തിന് മാപ്പ് പറയാൻ മാധ്യമങ്ങൾ തയാറാവണം.

മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ വ്യക്തമായ അജണ്ടയുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ബോധപൂർവമായ രാഷ്ട്രീയ അജണ്ടയാണ് ഇക്കാര്യത്തിൽ നടപ്പിലാക്കുന്നത്.

ഇടതുപക്ഷത്തെ തകർക്കാൻ തലക്കടിക്കണം. അത് മനസിലാക്കിയാണ് കേരളത്തിൽ ഇടതുപക്ഷത്തിന്റെ തലയായ പിണറായി വിജയനെ അടിക്കാനുള്ള ശ്രമം നടത്തുന്നത്. കേരളത്തിലെ മാധ്യമങ്ങളുടെ ഉടമകൾ ഇടതുപക്ഷത്തെ തകർക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.

ജനങ്ങളോട് കാര്യങ്ങൾ പറയാൻ ഇടനിലക്കാരന്റെ ആവശ്യമില്ല. സർക്കാറിനെതിരെ വലിയ പ്രചാരണം നടത്തിയിട്ടും ഇടതുപക്ഷത്തിന്റെ തുടർ ഭരണമുണ്ടായി. ഇനിയും കേരളത്തിൽ ഇടതുപക്ഷത്തിന്റെ ഭരണമുണ്ടാവുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മാധ്യമങ്ങൾക്ക് കോൺഗ്രസിന് വേണ്ടിയുള്ള കനഗോലുവിന്റെ വരവ് പ്രശ്നമല്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe