ബെംഗളൂരു: 41 വയസുള്ള നൈജീരിയൻ സ്വദേശിക്കൊപ്പം പിടിയിലായ 25കാരിയുടെ കയ്യിൽ നിന്ന് കണ്ടെത്തിയത് 1കോടിയിലധികം വില വരുന്ന മാരക മയക്കുമരുന്ന്. ബെംഗളൂരുവിലാണ് സംഭവം. തിങ്കളാഴ്ചയാണ് നൈജീരിയൻ സ്വദേശിയായ മൈക്കേൽ ഡൈക്ക് ഓകലിയും സുഹൃത്തായ സഹനയും അറസ്റ്റിലായത്. രാസലഹരി വസ്തുവായ എംഡിഎംഎയാണ് ഇവരുടെ കയ്യിൽ നിന്ന് പൊലീസ് പിടികൂടിയത്. 1.5 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളും ഇത് തൂക്കി നൽകാനുള്ള ഇലക്ട്രോണിക് ഭാര മെഷീനും മൂന്ന് മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബെംഗളൂരുവിലെ യാരപ്പനഹള്ളിയിലെ വാടക വീട്ടിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. 2018ൽ മൂന്ന് മാസത്തെ സന്ദർശന വിസയിലാണ് മൈക്കേൽ ഡൈക്ക് ഓകലി ഇന്ത്യയിലെത്തിയത്. ഇതിന് പിന്നാലെ ഇയാൾ ബെംഗളൂരുവിൽ അനധികൃതമായി താമസിക്കുകയായിരുന്നു. കെ ആർ പുരത്ത് ഇയാൾ ഒരു വാടക വീട് എടുത്തിരുന്നു. ഇക്കാലത്താണ് അയൽവാസിയായ സഹനയുമായി ചങ്ങാത്തത്തിലാവുന്നത്.
മയക്കുമരുന്ന് കടത്തുന്നതിന് ഇയാൾ യുവതിക്ക് പണം നൽകിയിരുന്നതായി പൊലീസ് വിശദമാക്കുന്നത്. അടുത്തിടെയാണ് ഇവർ രണ്ട് പേരും യാരപ്പനഹള്ളിയിലെ ബാലാജി ലേ ഔട്ടിലേക്ക് താമസം മാറുന്നത്. ഇവിടെ നിന്ന് ബെംഗളൂരുവിലെ പല മേഖലകളിലേക്കും ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ജൂലൈ മാസത്തിൽ ബെംഗളൂരുവിൽ പിടിയിലായ ഒരാളിൽ നിന്ന് നാല് കിലോ രാസ ലഹരി വസ്തുവാണ് പൊലീസ് പിടികൂടിയത്. ഇതിനേ തുടർന്ന് നടന്ന അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. 2018ൽ എൻഡിപിഎസ് നിയമം അനുസരിച്ച് 41 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.