കൊച്ചി> നടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ നടൻ സിദ്ദിഖ് ഒളിവിൽ തന്നെ. കേസിൽ അറസ്റ്റ് ചെയ്യാനിരിക്കെയാണ് നടൻ ഒളിവിൽപോയത്.
ഇതിനിടയിൽ കുറച്ചു സമയം മുമ്പ് സിദ്ദിഖിന്റെ ഫോൺ ഓണായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി എല്ലാ ഫോണുകളും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതിൽ ഒരു നമ്പറാണ് കുറച്ചു സമയത്തേയ്ക്ക് ഓൺ ആയത്. ഓൺ ആയതും ഫോൺ ബിസി ആയിരുന്നു. പിന്നീട് ഫോൺ വീണ്ടും സ്വിച്ച് ഓഫ് ആയി.
കേസിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നായിരുന്നു ഈ നീക്കം. കുറ്റകൃത്യത്തിൽ സിദ്ദിഖിന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ്, അറസ്റ്റ് വിലക്കണമെന്ന ആവശ്യം ജസ്റ്റിസ് സി എസ് ഡയസ് നിരസിച്ചത്. ഇതൊടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌ത് മുങ്ങിയ നടനെ കാക്കനാട് പടമുകളിലെയും ആലുവ കുട്ടമശേരിയിലെയും വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് സർക്കുലർ ഇറക്കി.
സിദ്ദിഖിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ലൈംഗികശേഷി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും മുൻകൂർജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
2016ൽ ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്‌ക്ക് ക്ഷണിച്ചെന്നും പിന്നീട് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സിദ്ദിഖ് താമസിച്ച മുറിയിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി.