ബാറിലെ ദേഷ്യത്തിന് 11കെവി ഫീഡർ ഓഫാക്കിയതിനുൾപ്പെടെ നടപടി; സ്വഭാവ ദൂഷ്യത്തിന് 3 കെഎസ്ഇബി ജീവനക്കാർക്ക് സസ്പെൻഷൻ

news image
Sep 24, 2024, 4:40 pm GMT+0000 payyolionline.in

തിരുവനന്തപുരം: പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ സംസ്ഥാനത്തെ മൂന്ന് കെഎസ്ഇബി ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി കെഎസ്ഇബി അറിയിച്ചു. തലയാഴം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍‍മാരായ അഭിലാഷ് പി.വി, സലീം കുമാര്‍ പി.സി, ചേപ്പാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍‍ക്കറായ സുരേഷ് കുമാര്‍ പി എന്നിവരെയാണ് കെഎസ്ഇബി ചെയർമാന്റെ നിർദേശപ്രകാരം സ‍ർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

തലയാഴം സെക്ഷനിലെ ജീവനക്കാരായ അഭിലാഷും സലിം കുമാറും ബാറില്‍ നിന്ന് മദ്യപിച്ച ശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോള്‍ ജീവനക്കാർ ചോദ്യം ചെയ്തെന്നും ഇതിന്റെ പ്രതികാര നടപടിയായി തലയാഴം 11 കെ.വി ഫീഡര്‍ ഓഫ് ചെയ്തെന്നുമാണ് ആരോപണം. ഇത് കാരണം ഒരു പ്രദേശത്താകെ വൈദ്യുതി മുടങ്ങി. ജീവനക്കാരുടെ പ്രവൃത്തി സംബന്ധിച്ച വാർത്തകൾ വന്നതോടെ ഇക്കാര്യം അന്വേഷിക്കാൻ കെഎസ്ഇബി ചെയർമാൻ ഉത്തരവിട്ടിരുന്നു. അന്വേഷണം നടത്തി  ചീഫ് വിജിലന്‍സ് ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

ചേപ്പാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍‍ക്കറായ സുരേഷ് കുമാര്‍ ആലപ്പുഴ പാണവള്ളി പഞ്ചായത്തിലെ ഒരു വീട്ടില്‍ മദ്യപിച്ചു ചെന്ന് അതിക്രമം കാട്ടിയെന്ന് ഒരു സ്ത്രീ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ കേസിൽ ചേര്‍‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍‍പ്പിച്ച സാഹചര്യത്തിലാണ് ഇയാൾക്കെതിരായ നടപടിയെന്നും കെഎസ്ഇബി വിശദീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe