നിർമല സീതാരാമൻ ഡ്രാക്കുളകളുടെ സംരക്ഷകയായി: മുഹമ്മദ്‌ റിയാസ്‌

news image
Sep 23, 2024, 8:27 am GMT+0000 payyolionline.in

കൊച്ചി > ജോലി സമ്മർദം മൂലം യുവതി മരിച്ച സംഭവുമായി ബന്ധപ്പെട്ട്‌ കേന്ദ്ര മന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസ്‌താവനക്കെതിരെ മന്ത്രി മുഹമ്മദ്‌ റിയാസ്‌. സാമ്പത്തിക ലാഭം മാത്രം മുന്നിൽ കാണുന്ന ഡ്രാക്കുളകളാണ്‌ ഇവൈ പോലുള്ള കമ്പനികൾ. ഈ ഡ്രാക്കുളകളുടെ സംരക്ഷകരായി മാത്രം മാറിയിരിക്കുകയാണ്‌ നിർമല സീതാരാമൻ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ജോലി സമ്മർദം മൂലം കുഴഞ്ഞു വീണു മരിച്ച അന്ന സെബാസ്റ്റ്യന്റെ വീട്ടിലെത്തിയതിന്‌ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ജോലി സമ്മര്‍ദ്ദങ്ങളെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പഠിപ്പിച്ചുകൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ കഴിയുമെന്നുമാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. നിർമല സീതാരാമന്റെ ഈ പ്രസ്‌താവനയ്‌ക്കെതിരെ അന്നയുടെ കുടുംബമുൾപ്പെട് രംഗത്ത്‌ വന്നിരുന്നു.

 

 

‘അടിമത്തത്തിന്റെ കാലത്ത് ആളുകളെ തൊഴില്‍ ചെയ്യുന്നതിനേക്കാള്‍ ഭയാനകമാകുന്ന നിലയിലേക്ക് തൊഴില്‍ ചെയ്യിക്കുകയാണ്, ചൂഷണം ചെയ്യുകയാണ്. സാമ്പത്തികലാഭം കൊയ്യുന്ന ഡ്രാക്കുളകളായി ഇത്തരം ഐടി കമ്പനികള്‍ മാറിയിരിക്കുകയാണ്. ആ ഡ്രാക്കുളകളെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തമുള്ള ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവന ഡ്രാക്കുളയുടെ സംരക്ഷകയായി മാറുന്നതിന് തുല്യമാണ്‌.’-മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.

പുണെലെ ഇവൈ ടെക്‌നോളജീസിൽ ജോലി ചെയ്യുകയായിരുന്ന അന്ന സെബാസ്റ്റ്യൻ ജൂലായ്‌ 20-നായിരുന്നു താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ജോലിസമ്മർദമാണ്‌ മകളുടെ മരണ കാരണമെന്ന്‌ ചൂണ്ടിക്കാട്ടി അന്നയുടെ മാതാവ് അനിത കമ്പനിക്ക്‌ എഴുതിയ കത്ത് പുറത്തു വന്നതോടെയാണ്‌ സംഭവം പുറംലോകമറിഞ്ഞത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe