​ഗം​ഗാവലിപുഴയിൽ നിന്ന് ഡ്രഡ്ജിങ്ങിൽ ക്രാഷ് ഗാർഡ് കിട്ടി; അർജുൻ്റെ ലോറിയുടേതെന്ന് മനാഫ്, തെരച്ചിൽ തുടരുന്നു

news image
Sep 23, 2024, 8:21 am GMT+0000 payyolionline.in

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള ഡ്രഡ്ജിങ്ങിൽ ക്രാഷ് ഗാർഡ് കിട്ടിയെന്ന് ലോറിയുടമ മനാഫ്. ഇത് അർജുൻ ഓടിച്ച വണ്ടിയുടെ ക്രാഷ് ഗാർഡാണെന്നും മനാഫ് പറഞ്ഞു. നേരത്തെ, പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയ കയർ അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്‍റെ ഉടമ മനാഫ് പ്രതികരിച്ചിരുന്നു.

ഇനിയും നീളത്തിൽ കയർ ഉണ്ടെന്നും ഇതിൻ്റെ അറ്റം പിടിച്ച് പോയാൽ ലോറിയിലേക്ക് എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മനാഫ് പറയുന്നു. ഇപ്പോൾ തെരയുന്ന ഭാഗത്ത് തന്നെ ലോറി ഉണ്ടാകുമെന്ന് കരുതുന്നുവെന്നും മനാഫ് പറ‍ഞ്ഞു.
അതേസമയം, തെരച്ചിലിന് വീണ്ടും കാലാവസ്ഥ വെല്ലുവിളിയാവുകയാണ്. അടുത്ത മൂന്ന് ദിവസം ഉത്തര കന്നഡ ജില്ലയിലും തീരദേശ കർണാടകയിലെ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഇത് ഷിരൂരിലെ തെരച്ചിൽ പ്രതിസന്ധിയിലാക്കിയേക്കും. ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചിലിനും തടസമാകും.

ഉത്തര കന്നഡ ജില്ലയിലും തീരദേശ കര്‍ണാടകയിലെ ജില്ലകളിലും അടുത്ത മൂന്ന് ദിവസം ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ തുടര്‍ന്നാല്‍ ഡ്രഡ്ജിങ് എളുപ്പമാകില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്കും വര്‍ധിച്ചാൽ ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും തടസം നേരിടാം. ഇന്നലെ ഗംഗാവലിപ്പുഴയിൽ നിന്ന് കിട്ടിയ അസ്ഥി പരിശോധനയ്ക്കായി എഫ്എസ്‍എൽ ലാബിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് മനുഷ്യന്‍റെ അസ്ഥിയാണെങ്കിൽ ഇന്നുച്ചയോടെ തന്നെ സ്ഥിരീകരണം കിട്ടും. അങ്ങനെയെങ്കിൽ ഇത് ഡിഎൻഎ പരിശോധനയ്ക്ക് അയക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe