കൊച്ചി: സംസ്ഥാനത്തെ വിനോദസഞ്ചാരസാധ്യതകൾ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കേരള ട്രാവൽ മാർട്ട് (കെടിഎം) ടൂറിസം മേളയുടെ 12–-ാംപതിപ്പ് 27 മുതൽ 29 വരെ വെല്ലിങ്ടൺ ഐലൻഡിലെ സാഗര–-സാമുദ്രിക കൺവൻഷൻ സെന്ററിൽ നടക്കും. 26ന് വൈകിട്ട് അഞ്ചിന് ലേ മെറിഡിയൻ ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ധനമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയാകും.
കെടിഎമ്മിന്റെ സിൽവർ ജൂബിലി വർഷത്തിൽ സംഘടിപ്പിക്കുന്ന മേളയ്ക്ക് സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ പൂർണസഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്നും ഉത്തരവാദിത്വ ടൂറിസം, ആഗോള സമ്മേളനങ്ങൾക്ക് ആതിഥ്യമരുളുന്ന മൈസ് ടൂറിസം, വെഡ്ഡിങ് ഡെസ്റ്റിനേഷൻ, ക്രൂസ് ടൂറിസം എന്നിവയ്ക്കാണ് ഇക്കുറി ബിടുബി കൂടിക്കാഴ്ചകളിൽ ഊന്നൽ കൊടുക്കുന്നതെന്നും കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചരിത്രത്തിലാദ്യമായി കെടിഎമ്മിലെ ബയർ രജിസ്ട്രേഷൻ 2800 കടന്നെന്നും 75 രാജ്യങ്ങളിൽനിന്നും 25 സംസ്ഥാനങ്ങളിൽനിന്നുമുള്ളവർ മേളയിൽ പങ്കെടുക്കുമെന്നും കെടിഎം സെക്രട്ടറി എസ് സ്വാമിനാഥൻ പറഞ്ഞു. ഇന്ത്യ ടൂറിസം, കർണാടക ടൂറിസം തുടങ്ങിയ സർക്കാർ ഏജൻസികളുടേതടക്കം എട്ട് വിഭാഗങ്ങളിലായി 347 സ്റ്റാളുകൾ മേളയിലുണ്ടാകും.
കെടിഎം മുൻ പ്രസിഡന്റുമാരായ ബേബി മാത്യു, എബ്രഹാം ജോർജ്, വൈസ് പ്രസിഡന്റ് സി ഹരികുമാർ, ജോയിന്റ് സെക്രട്ടറി ജോബിൻ ജോസഫ്, ട്രഷറർ ജിബ്രാൻ ആസിഫ്, സിഇഒ കെ രാജ്കുമാർ എന്നിവരും പങ്കെടുത്തു.