സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം എർപ്പെടുത്തും: മന്ത്രി വീണാ ജോർജ്

news image
Sep 20, 2024, 3:41 pm GMT+0000 payyolionline.in

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആശുപത്രികളിലും 2025 മാർച്ച് മാസത്തോടെ ഡയാലിസിസ് സൗകര്യം എർപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ്. പറവൂര്‍ നിയോജക മണ്ഡലത്തിലെ 74 ലക്ഷം രൂപയുടെ രണ്ട് പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

25 താലൂക്ക് ആശുപത്രികളിലാണ് ഡയാലിസിസ് ചികിത്സ ആരംഭിക്കാനുള്ളത്. സർക്കാർ ആശുപതികളിൽ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം വർധിക്കുന്നു. താലൂക്ക് തല ആശുപത്രി മുതലാണ് സ്പെഷ്യാലിറ്റി സേവനങ്ങൾ ആരംഭിക്കുന്നത്. മാമോഗ്രാം ഉൾപ്പടെയുള്ള സേവനങ്ങൾ ചില താലൂക്ക് ആശുപത്രികളിലുണ്ട്.  28 ജില്ലാ ആശുപത്രികളിൽ കാൻസർ ചികിത്സ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിലൂടെ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കളമശേരി മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യലിസ്റ്റുകളുടേത് ഉൾപ്പടെ 46 പുതിയ തസ്തികകൾ അനുവദിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ കാർഡിയാക് തെറാസിക് സർജന്റെ തസ്തിക അനുവദിക്കും. രോഗീ സൗഹൃദമായി ആരോഗ്യ കേന്ദ്രങ്ങൾ മാറണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ  നൂറു​ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വരാപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തെ 37 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. എഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായും മന്ത്രി നിര്‍വഹിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe