കണ്ണൂർ: സമൂഹമാധ്യമങ്ങൾ വഴി പാർട്ട് ടൈം ജോലി വാഗ്ദാനം നൽകിയും ഓൺലൈൻ ഷെയർ ട്രേഡിങ് നടത്തി പണം സമ്പാദിക്കാമെന്ന പ്രലോഭനത്തിലും കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ വിവിധ കേസുകളിലായി എട്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു.വാട്സ്ആപ് വഴി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കുന്നതിനായി വിവിധ അക്കൗണ്ടുകളിലേക്ക് പണംനൽകിയ കണ്ണൂര്‍ സിറ്റി സ്വദേശി തട്ടിപ്പിനിരയായി. പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് 2.92 ലക്ഷം രൂപ അയച്ചുകൊടുക്കുകയായിരുന്നു. സമാന സംഭവത്തിൽ മട്ടന്നൂര്‍ സ്വദേശിക്ക് 40,600 രൂപയും നഷ്ടമായി.
വാട്സ്ആപ് വഴി ഷെയര്‍ ട്രേഡിങ് ചെയ്യുന്നതിനായി പണം നൽകിയ മയ്യില്‍ സ്വദേശിക്ക് 1.69 ലക്ഷമാണ് നഷ്ടമായത്. ഇൻഡ്യമാർട്ട് വെബ്സൈറ്റില്‍ മരുന്ന് ആവശ്യപ്പെട്ട വളപട്ടണം സ്വദേശിക്ക് 1.35 ലക്ഷം നഷ്ടപ്പെട്ടു.
മെഡിസിന് വിതരണം നടത്തുന്ന പരാതിക്കാരന് ഇൻഡ്യാമാർട്ട് വെബ്സൈറ്റില്‍ മരുന്നിനായി ആവശ്യപ്പെട്ടപ്പോൾ പ്രതികള്‍ പരാതിക്കാരനെ മരുന്ന് നൽകാമെന്ന വ്യാജേന ബന്ധപ്പെടുകയായിരുന്നു. ഫേസ്ബുക്കില്‍ വീടും സ്ഥലവും ലോണ്‍ മുഖേന തവണകളായി പണമടച്ച് സ്വന്തമാക്കാമെന്ന പരസ്യംകണ്ട് ടെലഗ്രാം വഴി ലഭിച്ച അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ച കതിരൂര്‍ സ്വദേശിക്ക് 1.11 ലക്ഷം നഷ്ടപ്പെട്ടു. പണം നിക്ഷേപിച്ച ശേഷമാണ് തട്ടിപ്പാണെന്ന് മനസ്സിലായത്.
എസ്.ബി.ഐ യോനോ റിവാർഡ് പോയന്റ് റഡീം ചെയ്യാനായി ഫോണില്‍ ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്ത് അക്കൗണ്ട് വിവരങ്ങളും ഒ.ടി.പിയും നൽകിയ പള്ളിക്കുന്ന് സ്വദേശിനിക്ക് നഷ്ടമായത് 47,201 രൂപ. വാട്സ്ആപ് വഴി ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത വളപട്ടണം സ്വദേശിക്ക് 25,000 രൂപ നഷ്ടമായി. മറ്റൊരു സംഭവത്തിൽ ഫ്ലിപ്കാർട്ടിൽ വസ്ത്രം ഓർഡർ ചെയ്ത കണ്ണപുരം സ്വദേശിനിക്ക് 6,487 രൂപ നഷ്ടപ്പെട്ടിരുന്നു.
വീട്ടമ്മക്ക് പന്ത്രണ്ടര ലക്ഷം നഷ്ടമായി
പയ്യന്നൂർ: ഓൺലൈൻ ജോലി വാഗ്ദാന തട്ടിപ്പിൽ പയ്യന്നൂരിൽ വീട്ടമ്മക്ക് നഷ്ടപ്പെട്ടത് പന്ത്രണ്ടര ലക്ഷം. വെള്ളൂർ കാറമേലിലെ 31കാരിയായ വീട്ടമ്മക്കാണ് അഞ്ചു ദിവസം കൊണ്ട് 12,55,252 രൂപ നഷ്ടപ്പെട്ടത്. ഒടുവിൽ ചതി തിരിച്ചറിഞ്ഞപ്പോൾ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. പരാതിയിൽ പൊലീസ് അന്വേഷണമാരംഭിച്ചു. പാർട്ട്ടൈം ജോലിയിലൂടെ ദിവസേന 1000 മുതൽ 5000 രൂപ വരെ സമ്പാദിക്കാമെന്ന അനു ഷമ്മ എന്ന ഇൻസ്റ്റഗ്രാമിൽ വന്ന പരസ്യത്തിലാണ് വീട്ടമ്മ വഞ്ചിക്കപ്പെട്ടത്. പരസ്യത്തിലുണ്ടായിരുന്ന വാട്സ്ആപ് നമ്പർ വഴി ഓൺലൈൻ ലിങ്കിൽ ജോയിൻ ചെയ്തപ്പോൾ ജോലിക്കുള്ള യോഗ്യത തെളിയിക്കുന്ന ടാസ്കാണ് ലഭിച്ചത്. തുടർന്ന് ടാസ്കുകൾ ഓരോന്നായി വന്നു കൊണ്ടിരുന്നു. ഈ മാസം ആറു മുതൽ 10 വരെയുള്ള ദിവസങ്ങളിലായി ഇത്തരത്തിൽ 12,55,252 രൂപയാണ് തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തിയത്.