ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദർശനത്തിന് ഒരുങ്ങുന്നു. സെപ്തംബർ 21 മുതൽ 23 വരെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ക്വാഡ് സമ്മേളനത്തിൽ മോദി പങ്കെടുക്കും. യു.എൻ പൊതുസഭയേയും അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.
വിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ഡെലെവേറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ക്വാഡ് സമ്മേളനത്തിലാവും മോദി പങ്കെടുക്കുക. യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യ, യു.എസ്, ജപ്പാൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് ക്വാഡിലെ അംഗങ്ങൾ.
കഴിഞ്ഞ ഒരു വർഷത്തിനിടെ ക്വാഡ് സമ്മേളനത്തിൽ പ്രഖ്യാപിച്ച അജണ്ടയിൽ എത്രത്തോളം പുരോഗതിയുണ്ടാക്കിയെന്നത് വിലയിരുത്തുകയാവും സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം. ഇന്തോ-പസഫിക് രാജ്യങ്ങൾ അവരുടെ വികസന ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് ക്വാഡ് സമ്മേളനം നടത്തുന്നത്. അടുത്ത ക്വാഡ് സമ്മേളനം ഇന്ത്യയിൽ വെച്ചാണ് നടക്കുന്നത്.