തിരുവനന്തപുരം > വൈദ്യുതി ബില്ല് മലയാളത്തിലും ലഭിക്കും. മീറ്റർ റീഡിങ് മെഷീനിൽ തന്നെ ബില്ല് മലയാളത്തിലോ ഇംഗ്ലീഷിലോ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതിനനുസരിച്ച് നൽകാനുള്ള സംവിധാനം ഒരുക്കി കെഎസ്ഇബി. ഇംഗ്ലീഷിൽ നൽകുന്ന ബില്ലുകളിലെ വിവരങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി ഉപഭോക്താക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി.
വൈദ്യുതി ബില്ല് എല്ലാ ഉപഭോക്താക്കളുടെയും മൊബൈൽ ഫോണിലേക്ക് അയച്ച് മെസേജ് ആയും ഇ–- മെയിലായും നൽകും. കെഎസ്ഇബി ആപ്പിലൂടെയും wss.kseb.in എന്ന വെബ്സൈറ്റിലൂടെയും ബില്ല് ഡൗൺലോഡ് ചെയ്യാനും കഴിയും. എനർജി ചാർജ്, ഡ്യൂട്ടി ചാർജ് ഫ്യുവൽസർ ചാർജ്, മീറ്റർ വാടക എന്നിവ എന്താണെന്നും എങ്ങനെയാണിത് കണക്കാക്കുന്നതെന്നും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഈ വിവരങ്ങളും മലയാളത്തിൽ ലഭ്യമാക്കും.
വൈദ്യുതി ബിൽ ഡിമാൻഡ് നോട്ടീസ് മാത്രമല്ല, വിച്ഛേദിക്കൽ നോട്ടീസ് കൂടിയാണ്. ബില്ലിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ള മുന്നറിയിപ്പാണ്. നിശ്ചിത തീയതിക്കുള്ളിൽ ബില്ല് അടക്കാത്തപക്ഷം മറ്റൊരു മുന്നറിയിപ്പ് കൂടാതെ ഫ്യൂസ് ഊരാനുള്ള പൂർണ അധികാരം ജീവനക്കാർക്കുണ്ട്. മെസേജിലൂടെയും വിളിച്ചും ഓർമിപ്പിക്കാറുണ്ടെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.