കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി കണ്ട്രോളര് വി.കെ. അബ്ദുൽ ഖാദറിന്റെ നിര്‍ദേശപ്രകാരം ജില്ലയിലെ 379 വ്യാപാര സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി സംഘം പരിശോധന നടത്തി. നിയമലംഘനം നടത്തിയ 28 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് 1,21,000 രൂപ പിഴ ഈടാക്കി. ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാലും പാക്കറ്റിന് പുറത്ത് ആവശ്യമായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്തത് സംബന്ധിച്ചുമാണ് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് പിഴ ഈടാക്കിയത്.
പിഴ ഒടുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കും. ഈ മാസം ഏഴിന് ആരംഭിച്ച പരിശോധനകള്‍ ഓണം വരെ തുടരും. രണ്ട് സ്ക്വാഡുകളായാണ് പരിശോധനകള്‍ നടത്തുന്നത്.