16 വര്‍ഷത്തിന് ശേഷമുള്ള ബലാത്സംഗ ആരോപണം വിശ്വസനീയമല്ല: ഹൈക്കോടതി

news image
Sep 5, 2024, 6:47 am GMT+0000 payyolionline.in

കൊച്ചി> 16 വര്‍ഷത്തിനു ശേഷം ബലാത്സംഗ ആരോപണവുമായി രംഗത്തു വരുന്നത് പ്രഥമദൃഷ്ട്യാ വിശ്വാസയോ​ഗ്യമല്ലെന്ന് ഹൈക്കോടതി. പരാതി നല്‍കിയതിലെ നീണ്ട കാലതാമസവും, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും പരിഗണിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം. പത്തനംതിട്ട സ്വദേശി ബിജു പി വിദ്യക്കെതിരായ ബലാത്സം​ഗക്കേസ് കോടതി റദ്ദാക്കി.

 

2001ല്‍ പ്രതി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. കേസില്‍ പ്രഥമ വിവര മൊഴി നല്‍കിയത് 2017ലാണ് എന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി. അതേസമയം വിവാഹിതയും അമ്മയുമായ യുവതിയെ പ്രതി ബിജു 2001 ല്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

 

 

കേസില്‍ 2017 ഫെബ്രുവരി 22 നാണ് പ്രഥമ വിവര മൊഴി നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ എഫ്‌ഐആറിലെ മൂന്നുപേരെ ഒഴിവാക്കുകയും തനിക്കെതിരെ മാത്രമാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയതെന്നും പ്രതി ബിജു ചൂണ്ടിക്കാട്ടി. കുറ്റം വെളിപ്പെടുത്താനെടുത്ത 16 വര്‍ഷത്തെ കാലതാമസവും, ഈ ബന്ധത്തിനിടെ 20 ലക്ഷം രൂപ കടം വാങ്ങുകയും അത് തിരികെ നല്‍കാതിരിക്കുകയും ചെയ്തതും ബിജു കോടതിയെ അറിയിച്ചു.

ഗൂഢലക്ഷ്യത്തോടെയാണ് ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് ഹൈക്കോടതി പറഞ്ഞു. പ്രത്യേകിച്ച് പ്രതികളിൽ നിന്ന് പണം വാങ്ങിയത് കൂടി പരി​ഗണിക്കുമ്പോൾ പരാതിക്കാരിയുടെ വാദം അവിശ്വസനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe