തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി തുടരണമെന്ന് കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സൂര്യകാലടി മനയിലെ വിനായകചതുർഥി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗവർണർ ഉദ്ഘാടകനായ ചടങ്ങിൽ അദ്ദേഹത്തെ വേദിയിലിരുത്തിയായിരുന്നു എം.എൽ.എയുടെ പ്രതികരണം.
‘ഗവര്‍ണര്‍ അടുത്ത അഞ്ചുവര്‍ഷം കൂടി ഈ കേരളത്തില്‍തന്നെ വരട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്. ഈ മനയില്‍വന്നുപോയി, പ്രാര്‍ഥനാനിരതമായ അന്തരീക്ഷത്തില്‍നിന്ന് മടങ്ങിയവരാരും ഒരു വിഷമത്തിലുംപെട്ടിട്ടില്ല. അവര്‍ ശ്രേയസിലേക്കേ വരികയുള്ളൂവെന്ന് തനിക്കറിയാം. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഗവര്‍ണര്‍ക്ക് വീണ്ടും സംസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയില്‍ നില്ക്കാനാവും എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
സംസ്ഥാന സർക്കാറിന് ഭരണപ്രതിസന്ധി സൃഷ്ടിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പദവിയിൽ വ്യാഴാഴ്ച അഞ്ചുവർഷം പൂർത്തിയാക്കുന്നു. പുതിയ ഗവർണറെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി പുറപ്പെടുവിക്കുംവരെ പദവിയിൽ തുടരാം. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, തമിഴ്നാട് ഗവർണർ ആർ.എൻ. രവി എന്നിവർ വിവിധ സംസ്ഥാനങ്ങളിൽ അഞ്ചു വർഷത്തിലധികമായി പദവിയിലുണ്ട്. നേരത്തേ ഉപരാഷ്ട്രപതി പദവി ലക്ഷ്യമിട്ട് ആരിഫ് മുഹമ്മദ് ഖാൻ നീക്കം നടത്തിയെങ്കിലും നറുക്ക് വീണത് ജഗ്ദീപ് ധൻകറിനായിരുന്നു. രണ്ടാഴ്ച മുമ്പ് ഗവർണർ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും സന്ദർശിച്ചെങ്കിലും പദവിയിൽ തുടരുന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം.
പിണറായി സർക്കാറുമായി ഏറ്റുമുട്ടിയാണ് ആരിഫ് മുഹമ്മദ് ഖാൻ വാർത്തകളിൽ ഇടംപിടിച്ചത്. പൗരത്വനിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെയായിരുന്നു ഗവർണർ ആദ്യവെടിപൊട്ടിച്ചത്. പിന്നീട് കണ്ണൂർ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാനുള്ള സർക്കാർ സമ്മർദത്തിൽ ഗവർണർ ഇടഞ്ഞതും വാർത്തയായി. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് സർക്കാറിനെ പ്രതിസന്ധിയിലാക്കി. നയപ്രഖ്യാപനത്തിന്റെ തുടക്കവും ഒടുക്കവും മാത്രം വായിച്ച് നിയമസഭയിൽനിന്ന് മടങ്ങിയിരുന്നു.