ശക്തമായ മഴ: കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

news image
Sep 4, 2024, 9:52 am GMT+0000 payyolionline.in

ചെന്നൈ: ദക്ഷിണ റെയില്‍വെ മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളത്തില്‍ നിന്നുള്ള എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.

ഇന്ന് പുറപ്പെടേണ്ട എറണാകുളം-ഹതിയ ധാര്‍തി അബാ എക്സ്പ്രസ്, അഞ്ചിനുള്ള എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ്, ആറിന് പുറപ്പെടേണ്ട കൊച്ചുവേളി-ഷാലിമാര്‍ എക്സ്പ്രസ്, ഏഴിന് പുറപ്പെടേണ്ട കന്യാകുമാരി-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, തിരുനെല്‍വേലി-പുരുലിയ എക്സ്പ്രസ് എന്നിവയുടെ സര്‍വീസുകളും റദ്ദാക്കി.

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമാണ്. ആന്ധ്രയില്‍ 17 പേരും തെലങ്കാനയില്‍ 10 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കനത്ത മഴയും വെള്ളപ്പൊക്കവും മൂലം റോഡ് ഗതാഗതം താറുമാറായി. പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്. വിവിധ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.വിജയവാഡയില്‍ മാത്രം 2.76 ലക്ഷം പേരെയാണ് മഴയും വെള്ളപ്പൊക്കവും ബാധിച്ചത്.  ബുഡമേരു വാഗു നദി ഉള്‍പ്പെടെ ഇരു സംസ്ഥാനങ്ങളിലെ എല്ലാ നദികളും കരകവിഞ്ഞൊഴുകുകയാണ്.

ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് രണ്ട് സംസ്ഥാനങ്ങളിലും മഴ ശക്തമായത്. വിജയവാഡ-കാസിപ്പേട്ട് സെക്ഷനിലെ രായനപ്പാട് സ്റ്റേഷനില്‍ കനത്ത മഴയും വെള്ളക്കെട്ടുമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe