തിരുവനന്തപുരം: പൊതുവിപണി വിൽപ്പന പദ്ധതി (ഒഎംഎസ്എസ്) വഴി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ(എഫ്‌സിഐ) സപ്ലൈകോയ്‌ക്ക് അനുവദിച്ചത് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ അരി. സംസ്ഥാനത്തുള്ള എഫ്‌സിഐ ഗോഡൗണുകളിൽ സപ്ലൈകോ ക്വാളിറ്റി അഷ്വറൻസ് മാനേജർ, റേഷൻ കൺട്രോളർ എന്നിവർചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വലിയസമ്മർദങ്ങൾക്ക് ശേഷമാണ് കേരളത്തിന് അരി അനുവദിച്ചത്.
ഓണക്കാലത്ത് ഉത്സവച്ചന്തകളിലും മാവേലി, സപ്ലൈകോ ഔട്ട്‌ലെറ്റിലേക്കുമായി 200 ടൺ അരി വേണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ, സപ്ലൈകോയ്‌ക്ക് ടെൻഡറിൽ പങ്കെടുക്കാൻ ആദ്യം അനുമതി നിഷേധിച്ചു. പന്നീട് 28 രൂപയ്‌ക്ക് അരി നൽകാൻ തയ്യാറായി. എന്നാൽ, അരി എടുക്കാൻ സപ്ലൈകോ ഉദ്യോഗസ്ഥർ എത്തിയപ്പോൾ കിലോക്ക് 31.67 രൂപയ്‌ക്കാണ് നൽകിയത്. 18.59 രൂപയ്‌ക്ക് നൽകുന്ന ഭാരത് അരിയാണിത്. അത്യാവശ്യം മെച്ചപ്പെട്ട അരിയുള്ളത് കഴക്കൂട്ടത്തെ എഫ്‌സിഐ ഗോഡൗണിലാണ്. ഉയർന്ന വില നൽകി വാങ്ങി ഇത് മറ്റ് ജില്ലകളിലേക്ക് എത്തിക്കാനാകില്ല. ഇതരസംസ്ഥാനങ്ങളിൽനിന്ന് അരി വാങ്ങുന്ന ചെലവ് ഇതിന് വരും.