തൃശൂര്‍: തൃശൂരിൽ പുലികളി നടത്താന്‍ തടസ്സമില്ലെന്നും കഴിഞ്ഞ വര്‍ഷം അനുവദിച്ച സഹായധനം അനുവദിക്കാമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ്. വയനാട് ദുരന്തപശ്ചാത്തലത്തിൽ ഇത്തവണ പുലികളി നടത്തേണ്ടതില്ല എന്ന കോര്പറേഷൻ തീരുമാനത്തിനെതിരെ പുലികളി സംഘങ്ങള്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നു.
ഇതോടെയാണ് മന്ത്രി എം.ബി. രാജേഷ് പുലികളി നടത്താൻ കോർപറേഷന് നിർദേശം നൽകിയത്. ഓണാഘോഷം ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താനായി കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങളുടെ യോഗം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പുലികളി സംഘങ്ങള്‍ മേയര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
സംഘങ്ങളുടെ അഭിപ്രായം അറിയുന്നതിന് യോഗം വിളിക്കാമെന്ന് മേയര്‍ അറിയിച്ചെങ്കിലും ഇതുവരെ അതിന് തയാറാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാറിനെ സമീപിച്ചത്.