സർക്കാറിന്റെ ഭവന പദ്ധതികൾ പ്രകാരം ലഭിച്ച വീടുകൾ ഏഴ് വർഷം കഴിഞ്ഞ് വിൽക്കാം; നിബന്ധനയിൽ ഇളവ് നൽകി ഉത്തരവ്

news image
Aug 16, 2024, 12:03 pm GMT+0000 payyolionline.in

കൊച്ചി: തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്ന് ഭവന ആനുകൂല്യം ലഭിച്ചയാളുകൾക്ക് ആ വീട് ഏഴ് വർഷം കഴിഞ്ഞ് വിൽക്കാൻ അനുവാദം നൽകുമെന്ന് മന്ത്രി എം.ബി രാജേഷ്. എറണാകുളം ജില്ലാ അദാലത്തിൽ പങ്കെടുക്കുന്നതിനിടെയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. നിലവിലെ നിയമപ്രകാരം ആനുകൂല്യ പ്രകാരം ലഭിച്ച വീടുകൾ 10 വർഷം കഴിഞ്ഞു മാത്രമേ കൈമാറാൻ അനുവാദമുണ്ടായിരുന്നുള്ളൂ.

2024 ജൂലൈ ഒന്നാം തീയ്യതിക്ക് ശേഷം ഭവന ആനുകൂല്യം ലഭിക്കുന്നവർക്ക് ആ വീടുകൾ കൈമാറുന്നതിന് മുമ്പുള്ള സമയ പരിധി ഏഴ് വർഷമാക്കി ചുരുക്കിക്കൊണ്ട് ഈ വർഷം ജൂലൈ ഒന്നിനു ഉത്തരവ് പുറത്തിറങ്ങിയിരുന്നു. എന്നാൽ 2024 ജൂലൈ ഒന്നാം തീയ്യതിക്ക് മുമ്പ്  അനുകൂല്യം ലഭിച്ചവർക്കുള്ള സമയപരിധി 10 വർഷമായി തുടരുകയായിരുന്നു. എന്നാൽ ഏഴ്  വർഷം എന്ന ഇളവ് ഭവന നിർമ്മാണ ആനുകൂല്യം ലഭിച്ച എല്ലാവർക്കും ബാധമാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്.

2024 ജൂലൈ 1 നു മുൻപ് ഭവന ആനുകൂല്യം ലഭിച്ചയാളുകൾക്കും ഇതോടെ ഈ ഇളവ് ലഭിക്കും. എന്നാൽ  വീട് വിൽക്കുന്നതോടെ ഇവർ വീണ്ടും ഭവനരഹിതരാകുന്നില്ല എന്ന ഉറപ്പിലാണ് ഈ അനുവാദം നൽകുക. കുന്നുകര ഗ്രാമപഞ്ചായത്തിലെ പൗലോസ് എന്നയാൾ ഇ.എം.എസ് ഭവന പദ്ധതി പ്രകാരം എട്ട് വർഷം മുൻപ് ലഭിച്ച വീട് വിൽക്കാനുള്ള അനുവാദം തേടി അദാലത്തിനെ സമീപിക്കുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് പൊതുവായ ഉത്തരവ് പുറപ്പെടുവിക്കാൻ മന്ത്രി നിർദ്ദേശിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe