ബെംഗളൂരു:ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ നാളെ വീണ്ടും പുനരാരംഭിക്കും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ച ദൗത്യമാണ് ഏറെ അനിശ്ചിതത്വങ്ങള്‍ക്കുശേഷം വീണ്ടും പുനരാരംഭിക്കുന്നത്. തെരച്ചില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഉന്നതതല യോഗം രാത്രിയോടെ അവസാനിച്ചു. ഉന്നതതല യോഗത്തിലാണ് തെരച്ചില്‍ പുനരാരംഭിക്കാൻ തീരുമാനിച്ചത്. കാര്‍വാറിലാണ് ഉത്തര കന്നഡ ജില്ലാ കളക്ടര്‍, കാര്‍വാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗം നടന്നത്.
നാളെ ഗംഗാവലി പുഴയിൽ നാവികസേന പരിശോധന നടത്തും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാര്‍ പരിശോധനയും നടത്തും. പരിശോധിക്കാൻ ഇന്ന് വൈകിട്ട് നാവിക സേന സംഘം ഗംഗാവലി പുഴയില്‍ പരിശോധന നടത്തിയിരുന്നു.പുഴയിലെ അടിയൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് നാളെ ദൗത്യം പുനരാരംഭിക്കുന്നത്. നേവിയുടെ നേതൃത്വത്തില്‍ മാത്രമായിരിക്കും നാളത്തെ പരിശോധന. പുഴയിലിറങ്ങി പരിശോധിക്കുന്നതിനായി നാളെ രാവിലെ വീണ്ടും പ്രാഥമിക പരിശോധനയുണ്ടാകും. ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ നേരത്തെ പ്രതികരിച്ചത്.
തെരച്ചില്‍ രംഭിക്കാൻ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന.നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സര്‍ക്കാര്‍ സമ്മര്‍ദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എകെ ശശീന്ദ്രൻ വൈകിട്ട് പ്രതികരിച്ചത്. തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ട്. അർജുന്റെ കുടുംബത്തിന്റെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു.