വയനാട് പകര്‍ച്ചവ്യാധി പ്രതിരോധം പ്രധാനമാണെന്ന് മന്ത്രി വീണാ ജോര്‍ജ്

news image
Aug 9, 2024, 3:13 pm GMT+0000 payyolionline.in

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്താന്‍ വാട്ടര്‍ അതോറിട്ടിയുമായി സഹകരിച്ചുള്ള പ്രവര്‍ത്തനം നടത്തണം. മഞ്ഞപ്പിത്ത രോഗബാധ തടയാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ശക്തമായ നടപടികള്‍ തുടരണം. ക്യാമ്പുകളിലോ വീടുകളിലോ രോഗം കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

ചെളിയിലും വെള്ളത്തിലുമിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പുകളില്‍ മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം, ഹോമിയോപ്പതി ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ 12 ഹെല്‍ത്ത് ടീം 360 പൊതുജനാരോഗ്യ സ്‌ക്രീനിംഗ് നടത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

മാനസികാരോഗ്യം ഉറപ്പാക്കാനായി വ്യക്തിഗത കൗണ്‍സിലിംഗും ഗ്രൂപ്പ് കൗണ്‍സിലിംഗും നല്‍കി വരുന്നു. 136 അംഗ മാനസികാരോഗ്യ ടീം 13 ക്യാമ്പുകളും വീടുകളും സന്ദര്‍ശിച്ചു. 218 പേര്‍ക്ക് ഗ്രൂപ്പ് കൗണ്‍സിലിംഗും 467 പേര്‍ക്ക് സൈക്കോസോഷ്യല്‍ ഇന്റര്‍വെന്‍ഷനും 36 പേര്‍ക്ക് ഫാര്‍മാക്കോ തെറാപ്പിയും നല്‍കി. 90 ഡി.എന്‍.എ. സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe