തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിൽ സ്പീക്കർ എ.എൻ. ഷംസീറിന്റെ സുഹൃത്ത് അനധികൃതമായി യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത ടിക്കറ്റ് എക്സാമിനർ പത്മകുമാറിനെതിരായ നടപടി റെയിൽവേ പിൻവലിച്ചു. വന്ദേഭാരതിന്റെ ഡ്യൂട്ടിയിൽനിന്ന് മാറ്റിക്കൊണ്ടായിരുന്നു ടി.ടി.ഇക്കെതിരെ നടപടി സ്വീരിച്ചത്. എന്നാൽ വിവാദമുയർന്നതോടെ ഇത് പിൻവലിക്കുകയും പത്മകുമാറിന് തുടർന്നും വന്ദേഭാരതിൽ ഡ്യൂട്ടി ചെയ്യാമെന്നും ഡിവിഷണൽ മാനേജർ വ്യക്തമാക്കി.
ടി.ടി.ഇക്കെതിരെ നടപടി സ്വീകരിച്ചതിൽ പ്രതിഷേധവുമായി റെയിൽവേ ജീവനക്കാരുടെ സംഘടനയായ എസ്.ആർ.എം.യു രംഗത്തെത്തിയിരുന്നു. പത്മകുമാറിനെതിരെയുള്ള നടപടി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ എസ്.ആർ.എം.യു നേതാക്കൾ ഡിവിഷണൽ മാനേജർക്ക് പരാതി നൽകുകയും ചെയ്തു. കൃത്യമായി ജോലി ചെയ്തതിനുള്ള ശിക്ഷയാണ് പത്മകുമാറിന് കിട്ടിയതെന്ന് പരാതിയിൽ ആരോപിക്കുന്നു. അതേസമയം സ്പീക്കറോട് അപമര്യാദയായി പെരുമാറിയതിനാലാണ് നടപടി ആവശ്യപ്പെട്ടതെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചിരുന്നു.